ബി.ജെ.പിയിലേക്കെന്ന് നുണപ്രചരണം; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സി.പി.എം നേതാവിനെതിരെ നിയമനടപടിക്ക് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

Jaihind Webdesk
Thursday, January 17, 2019

N.K-Premachandran

എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ബി.ജെ.പിയിലേക്കെന്ന് സമൂഹമാധ്യമങ്ങളിലൂടെ  വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സി.പി.എം നേതാവിനെതിരെ നിയമനടപടിക്കൊരുങ്ങി എം.പി. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയുമായ ആര്‍ ബിജുവിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച്‌ അപകീര്‍ത്തിപ്പെടുത്തിയെതിനെതിരെയാണ് നോട്ടീസ്.

എന്‍.കെ പ്രേമചന്ദ്രന്‍ ബി.ജെ.പിയിലേക്ക് എന്ന തികച്ചും വസ്തുതാവിരുദ്ധമായ വാര്‍ത്തയാണ് സി.പി.എം പ്രവര്‍ത്തകനായ ബിജു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ബി.ജെ.പിയുടെ നയങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന രാഷ്ട്രീയ പ്രത്യാശാസ്ത്രവും പ്രവര്‍ത്തന രീതിയും പിന്തുടരുന്ന വ്യക്തിയാണ് താനെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി സി.പി.എം പ്രവര്‍ത്തകനായ ബിജു പൂര്‍ണമായും തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെയാണ് നോട്ടീസെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വ്യക്തമാക്കി.

ആര്‍ ബിജുവിനെതിരെ സിവിലായും ക്രിമിനലായും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.