ശശി തരൂർ എംപിക്കെതിരെ വ്യാജവാർത്ത ക്യാമ്പയിൻ; ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോഡി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണയെന്ന് നുണപ്രചാരണം

തിരുവനന്തപുരം: തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ വ്യാജവാർത്ത ക്യാമ്പയിൻ. ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോഡി തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ ബി.ജെ.പി പിന്തുണച്ചുവെന്ന അടിസ്ഥാനരഹിത വാര്‍ത്തയാണ് പ്രചരിപ്പിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടി നോമിനിയായാണ് ശശി തരൂര്‍ ഗവേണിംഗ് ബോര്‍ഡിയിലെത്തിയത്. പാർട്ടിക്ക് അംഗങ്ങളില്ലാത്ത മറ്റൊരു സംസ്ഥാനത്തെ സ്ഥാപനത്തിലെ ഗവേണിംഗ് ബോഡി അംഗത്വം കോണ്‍ഗ്രസ് ഇതിനായി ബി.ജെ.പിയുമായി വെച്ചുമാറുകയായിരുന്നു. അങ്ങനെയാണ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ഗവേണിംഗ് ബോര്‍ഡി അംഗത്വം കൂടി കോണ്‍ഗ്രസിന് ലഭിച്ചത്. ഇതിലാണ് തരൂര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

മുസ്ലീംലീഗ് പ്രതിനിധി ഇ.ടി.മുഹമ്മദ് ബഷീറിന് അംഗത്വം നല്‍കിയത് ശശി തരൂറിന്റെ കൂടി അനുമതിയോടെയാണ്. എ.ഐ.സി.സി സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ശശി തരൂര്‍ കൂടി ഗവേണിംഗ് ബോഡിയില്‍ വേണമെന്ന ശക്തമായ നിലപാടെടുത്തത്. കെ.സി.വേണുഗോപാലിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ചീഫ്‌വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എം.പിയും. മാത്രവുമല്ല തരൂരിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിട്ടതും ചീഫ്‌വിപ്പ് കൊടിക്കുന്നില്‍ സുരേഷാണ്.

വസ്തുത ഇതായിരിക്കെയാണ് തരൂരിന്റെ ഗവേണിംഗ് ബോഡി അംഗത്വം ബി.ജെ.പി സഹായത്താലെന്ന നുണപ്രചാരണം നടക്കുന്നത്.

Comments (0)
Add Comment