കര്‍ണ്ണാടക പിസിസി ഏര്‍പ്പെടുത്തിയ ബസില്‍ നിന്നും യാത്രക്കാരെ ഇറക്കിവിട്ടെന്ന വാര്‍ത്ത വ്യാജം; വാഹനം ഏര്‍പ്പാടാക്കിയത് കര്‍ണ്ണാടക പിസിസി അല്ലെന്ന് ബസുടമയും കോണ്‍ട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും

Jaihind News Bureau
Saturday, May 16, 2020

 

ബെംഗളൂരുവില്‍ കുടുങ്ങികിടന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ബസില്‍ നിന്നും യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടെന്ന വാര്‍ത്ത വ്യാജം. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നും കേരളത്തിലെത്തിയ ബസിന് കര്‍ണാടക പിസിസിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബസുടമയും, കോണ്‍ട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും ജയ്ഹിന്ദ് ന്യൂസിനോട് വ്യക്തമാക്കി. കൂടാതെ പൂര്‍ണ്ണമായും മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബസ് കേരളത്തിലെത്തിയതെന്നും ഇരുവരും പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കർണ്ണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി കേരളത്തിലേക്കയച്ച ബസിൽ നിന്നും യാത്രക്കാരെ കോട്ടയത്ത് ഇറക്കിവിട്ടു എന്ന് സ്വകാര്യ ചാനൽ വാർത്ത നൽകിയത്. ഇതിന് പിന്നാലെ ഈ വാർത്ത സി.പി.എം സൈബർ സംഘങ്ങൾ ഏറ്റെടുക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം 23 യാത്രക്കാരുമായി കേരളത്തിലെത്തിയ ബസുമായി കർണ്ണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് യാതൊരു ബന്ധവുമില്ലെന്നും ബസ് ഏർപ്പാടാക്കിയത് കൊച്ചിയിലെ ഒരു ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി മുഖാന്തരം ബെംഗളൂരുവിലെ വാട്സാപ്പ് കൂട്ടായ്മ ആണെന്നും കോണ്‍ട്രാക്ട്   ക്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ബിനു ജോൺ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

ബസ് ഏർപ്പെടുത്തിയത് കര്‍ണാടക പിസിസി ആണെന്ന് ബസ് തൊഴിലാളികൾ പൊലീസിന് മൊഴി നൽകി എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ബസ് ഉടമ സതീഷും വ്യക്തമാക്കി. ബസിലെ 23 യാത്രക്കാരും എല്ലാ രേഖകളും ഉപയോഗിച്ചാണ് യാത്ര ചെയ്തതെന്നും കേരള, കർണ്ണാടക, തമിഴ്നാട് ചെക്ക് പോസ്റ്റുകളിൽ രേഖകള്‍ കാണിച്ചതിനെ തുടർന്നാണ് ബസിന് യാത്രാനുമതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന രഹിതമായ വാർത്ത നൽകുകയും അന്യായമായി പൊലീസ് കേസെടുക്കുകയും ചെയ്താൽ അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ തിരികെ എത്തിക്കാൻ വാഹനം അയക്കാൻ കഴിയാതെ വരുമെന്ന് കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയും വ്യക്തമാക്കി.