രാഹുൽ ഗാന്ധിക്കെതിരായ ഇടത് സൈബര്‍ പ്രചാരണം വ്യാജം ; നിയമനടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്

കൊല്ലം : മത്സ്യത്തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലിലെ ബില്ലുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ വ്യാജമെന്ന് തെളിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ താമസവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഒരു രൂപ പോലും നല്‍കാനില്ലെന്ന് ഹോട്ടല്‍ മാനേജ്മെന്‍റ് തന്നെ സാക്ഷ്യപ്പെടുത്തി.

പ്രചാരണം തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയും പറഞ്ഞു. ഇത്തരം അസത്യപ്രചാരണത്തിന് ഇടതുപക്ഷത്തെ പ്രേരിപ്പിക്കുന്നത് ഇടതുതരംഗത്തിനിടയിലും യുഡിഎഫ് ജില്ലയിലുണ്ടാക്കിയ മുന്നേറ്റമാണെന്നും ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഫെബ്രുവരിയില്‍ കൊല്ലത്തെത്തിയ രാഹുല്‍ ഗാന്ധി താമസിച്ചിരുന്ന കൊല്ലം ബീച്ച് ഹോട്ടലിന് വാടക ഇനത്തില്‍ ആറ് ലക്ഷം രൂപയോളം നല്‍കാനുണ്ടെന്നാണ് വ്യാജ പ്രചാരണം നടത്തിയത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ഹോട്ടല്‍ മാനേജ്മെന്‍റ് തന്നെ രംഗത്തെത്തി. രാഹുല്‍ ഗാന്ധിയും പ്രമുഖരും താമസിച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എല്ലാം തന്നെ തീര്‍ത്തതാണെന്നും ഇതുമായി ബന്ധപ്പെട്ട് കൊയ്‌ലോണ്‍ ബീച്ച് ഹോട്ടലിന് യാതൊരു തര്‍ക്കവും ഉണ്ടായിട്ടില്ലെന്നുമാണ് ഹോട്ടല്‍ വ്യക്തമാക്കുന്നത്. ഹോട്ടലിന്‍റെ ലെറ്റര്‍ പാഡിലെഴുതി ഒപ്പിട്ട് ജനറല്‍ മാനേജര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ് :

രണ്ട് പതിറ്റാണ്ടിന് ശേഷം കൊല്ലത്ത് രണ്ട് കോൺഗ്രസ് എംഎൽഎമാർ, മൂന്ന് സീറ്റുകൾ വെറും രണ്ടായിരം വോട്ടുകൾക്ക് മാത്രം നഷ്ടം, നാൽപ്പതിനായിരവും, മുപ്പതിനായിരവും ഭൂരിപക്ഷം ലഭിച്ചിരുന്ന സ്ഥലങ്ങളിലെ ഭൂരിപക്ഷം ഇപ്പോൾ വെറും പതിനായിരം മാത്രം. 11 അസംബ്ലി മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷം നേടിയ എൽഡിഎഫിന്‍റെ കൊല്ലത്തെ അവസ്ഥ ഇതാണ്.

അതിനെ മറികടക്കാൻ ഇടതുപക്ഷം എന്ത് അസത്യപ്രചരണങ്ങൾക്കും മുന്നിലുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. അത്തരം അസത്യ പ്രചരണങ്ങൾക്ക് കൂട്ട് നിൽക്കാൻ കോൺഗ്രസ് പാർട്ടിയോട് കൂറുള്ള ഒരു വ്യക്തിയും നിൽക്കില്ല.

ബഹുമാനപ്പെട്ട രാഹുൽജിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊല്ലം ബീച്ച് ഹോട്ടലിൽ ഒരു രൂപയുടെ ഇടപാട് പോലും അവശേഷിക്കുന്നില്ല. അതിന്‍റെ ഇടപാടുകൾ എല്ലാം അന്ന് തന്നെ തീർത്തിരുന്നതാണ്. ഇന്ന് വ്യാജ ആരോപണങ്ങൾ ഉയർന്നുവെങ്കിൽ അതിന്‍റെ  ഏകകാരണം ഇടത് തരംഗത്തിലും കൊല്ലം ജില്ലയിലെ ഐക്യജനാധിപത്യ മുന്നണി പിടിച്ചുനിന്നു എന്നതുകൊണ്ട് മാത്രമാണ്. വ്യാജ കഥകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നവരെ നിയമപരമായി നേരിടും.

കൊല്ലം ബീച്ച് ഹോട്ടല്‍ അധികൃതരുടെ  സാക്ഷ്യപത്രം :

 

Comments (0)
Add Comment