പുതിയ എ.ടി.എം നല്‍കാമെന്ന പേരില്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു

Jaihind Webdesk
Thursday, December 20, 2018

കൊച്ചി: പഴയ എ.ടി.എം കാര്‍ഡുകള്‍ക്ക് പകരം ചിപ്പ് വെച്ച പുതിയ എ.ടി.എം കാര്‍ഡ് നല്‍കാമെന്ന പേരില്‍ ഫോണ്‍ വിളിച്ച് തട്ടിപ്പ്. ഒ.ടി.പി നമ്പര്‍ കൈക്കലാക്കി പണം തട്ടുന്നതാണ് ഇവരുടെ രീതി. തട്ടിപ്പുകുറയ്ക്കാനായിട്ടാണ് ബാങ്കുകള്‍ പുതിയ എ.ടി.എം അവതരിപ്പിച്ചതെങ്കില്‍ അതിന്റെ പേരിലായി പുതിയ തട്ടിപ്പുകള്‍.
ചിപ്പ് വെച്ച എ.ടി.എം കാര്‍ഡ് നല്‍കുന്നതിന്റെ ഭാഗമായാണ് വിളിക്കുന്നതെന്നും നിലവിലെ എ.ടി.എം കാര്‍ഡ് ഉപയോഗിക്കാന്‍ ആകില്ലെന്നും അതിനാല്‍ ഫോണില്‍ വന്നിരിക്കുന്ന പാസ് വേര്‍ഡ് നമ്പര്‍ നല്‍കാനെന്നും ആവശ്യപ്പെട്ടായിരിക്കും ഫോണ്‍കോളുകള്‍ വരുന്നത്. പാസ്വേര്‍ഡ് അപ്പോള്‍ തന്നെ പറഞ്ഞു തന്നാല്‍ കാര്‍ഡ് പുതിയത് വേഗത്തില്‍ അയച്ചു നല്‍കാമെന്നും അല്ലെങ്കില്‍ കാലതാമസം എടുക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

ബാങ്കിലെ ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് വിളിയെത്തുന്നത്. പലരും സംസാരത്തില്‍ വീഴും. ഉയര്‍ന്ന തസ്തികയില്‍ ജോലിചെയ്യുന്നവരോട് ബാങ്കിലെ മാനേജരാണ് എന്നും മറ്റും പറഞ്ഞാണ് വിളിയെത്തുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കുന്നതോടെ ബാങ്കിലെ ഉദ്യോഗസ്ഥരാണെന്ന് തന്നെ വിശ്വസിക്കും. ഡേറ്റ ബേസില്‍ വിവരങ്ങള്‍ ചോര്‍ത്തി വിളിക്കുന്നതിനാല്‍ തന്നെ അക്കൗണ്ട് ഉടമയുടെ സകല വിവരങ്ങളും ഇവര്‍ പറയും. തങ്ങള്‍ക്കും ബാങ്കിനും മാത്രം അറിയാവുന്ന ബാങ്ക് വിവരങ്ങളും മറ്റും ഇവര്‍ കൃത്യതയോടെ പറയുന്നതോടെ ഇടപാടുകര്‍ തട്ടിപ്പുകാരുടെ കെണിയില്‍ വീഴും

കൊച്ചി നഗരത്തില്‍ ഒരു മാസത്തിനിടെ ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പിന്റെ പേരില്‍ ആറ് ലക്ഷം രൂപയോളം കവര്‍ന്നു എന്നാണ് സൈബര്‍ സെല്‍ പറയുന്നത്. കഴിഞ്ഞ ആഴ്ച മാത്രം 15 പരാതികളാണ് ഇത്തരത്തില്‍ വന്നത്. ചിപ്പ് പിടിപ്പിച്ച എ.ടി.എം. കാര്‍ഡിനെന്ന പേരില്‍ കോട്ടയം ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി അടുത്തിടെ എട്ട് അധ്യാപകരില്‍ നിന്ന് 3.60 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.

ഇതേ പേരില്‍ കോഴിക്കോട് കുന്ദമംഗലത്ത് അസിസ്റ്റന്റ് പ്രൊഫസറില്‍ നിന്ന് 1.47 ലക്ഷം രൂപ തട്ടിയെടുത്തു. അധ്യാപകരുടെ വിവരങ്ങള്‍ ഡേറ്റ ബേസില്‍ ചോര്‍ത്തിയതാകാം അധ്യാപകരെ കേന്ദ്രീകരിച്ച് തട്ടിപ്പ് വര്‍ധിക്കാന്‍ കാരണമെന്നാണ് പോലീസ് കരുതുന്നത്. ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ഫോണ്‍ വിളികളെത്തുന്നത്. ബംഗാള്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.