ഷാജഹാന്‍ കൊലക്കേസ്: കോടിയേരിക്ക് സ്തുതി പാടി പ്രതി; സിപിഎം ബന്ധം വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍

Jaihind Webdesk
Tuesday, August 16, 2022

 

പാലക്കാട്‌: മലമ്പുഴയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലചെയ്ത കേസിലെ പ്രധാന പ്രതികളിൽ ഒരാളായ നവീൻ സജീവ സിപിഎം പ്രവർത്തകൻ എന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊല ചെയ്ത കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്കും ടി.പി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി ഷാഫിക്കും മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട ബിനീഷ് കോടിയേരിക്കും ഒപ്പം നവീൻ പകർത്തിയ ചിത്രങ്ങൾ ഇയാളുടെ ഫേസ്ബുക്കിലുണ്ട്.

കൊലപാതകത്തിന് തൊട്ടുപിന്നാലെ സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നായിരുന്നു സിപിഎമ്മിന്‍റെ പ്രതികരണം. എന്നാൽ ഷാജഹാനെ നേരിട്ട് വെട്ടി വീഴ്ത്തിയ പ്രധാന പ്രതി നവീൻ രണ്ടുദിവസം മുമ്പും സാമൂഹ്യ മാധ്യമങ്ങളിൽ സിപിഎമ്മിന് വേണ്ടി വാദിച്ചതിന് തെളിവുകൾ ഉണ്ട്. കൊലപാതകത്തിന് രണ്ടുദിവസം മുമ്പ് സിപിഎം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ചിത്രവും അഭിവാദ്യക്കുറിപ്പും നവീൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.