‘അത് എന്‍.എസ് നുസൂറിന്‍റെ ഭാര്യയാണ്, രമ്യ; ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കപ്പുറമുള്ള സ്നേഹം’ : കുറിപ്പ്

Jaihind News Bureau
Monday, March 1, 2021

 

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് നടയിലെ യൂത്ത് കോണ്‍ഗ്രസ് സമരവേദിയില്‍ കണ്ട ഹൃദയസ്പർശിയായ ഒരു രംഗത്തെക്കുറിച്ച് കെ.എസ്.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി പ്രിയങ്ക ഫിലിപ്പിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. നിരാഹാര സമരം അനുഷ്ഠിക്കുന്ന യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് എന്‍.എസ്. നുസൂറിന്‍റെ ഭാര്യ രമ്യയും മക്കളും നുസൂറിനെ കാണാനെത്തിയപ്പോള്‍ സമരവേദിയിലുണ്ടായ അമ്പരപ്പിനെക്കുറിച്ചാണ് പ്രിയങ്കയുടെ കുറിപ്പ്. ചന്ദനക്കുറിയിട്ട പെണ്ണിന്‍റെ കൈയിലൊരു കുട്ടി ഇസ്ലാം മത വിശ്വാസിയായ ഒരാളെ ചാച്ചാ എന്നുവിളിച്ചത് കണ്ടവര്‍ക്കും കേട്ടവര്‍ക്കും അത്ഭുതമായെന്ന് പ്രിയങ്ക എഴുതുന്നു.

ജാതി- മത – രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം സ്‌നേഹത്തിനുള്ള സ്ഥാനം, ജാതിയും മതവും കാറ്റില്‍ പറത്തിഎന്നാവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ്കാരേക്കാള്‍ നന്നായി സ്വാതന്ത്ര്യത്തിന്റെ അമൃതപുണ്യം പകര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനറിയാം, യൂത്ത് കോണ്‍ഗ്രസിനറിയാം, കെ.എസ്.യുവിനറിയാം. ജാതിയും മതവുമില്ലാത്ത ആ രണ്ടു കുട്ടികള്‍ ‘മതേതര’ നാട്ടില്‍ വളരട്ടെ. കഴിഞ്ഞ ഒന്നര വര്‍ഷമായി എനിക്ക് നുസൂര്‍ ഇക്കയെയും രമ്യ ചേച്ചിയെയും അറിയാം. ഇനിയും ഒരുപാടുവര്‍ഷം അവനവന്റെ മതത്തെ തീവ്രമായി പിന്തുടരുന്ന പരസ്പരം തീവ്രമായി പ്രണയിക്കുന്ന ‘ലവ് ജിഹാദികളായി’ മുന്‍പോട്ട് പോകാന്‍ കഴിയട്ടെ..! എന്ന ആശംസയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം :

ലവ് ജിഹാദോ.? ഒരു കഥ സൊല്ലട്ടുമാ..?

യൂത്ത് കോൺഗ്രസ്‌ സമരപ്പന്തലിൽ ഇന്നലെ വൈകുന്നേരം ഒരു കാഴ്ച കണ്ടു. ഭൂരിഭാഗം പ്രവർത്തകർക്കും നേതാക്കൾക്കും പരിചിതമല്ലാത്ത മുഖങ്ങൾ. നിരാഹാര സമരപ്പന്തലിൽ ഇന്നലെ വൈകിട്ടോടെ ഒരമ്മയ്‌ക്കൊപ്പം രണ്ടു കുട്ടികളും എത്തി. പൊട്ടും കുറിയുമിട്ട് ചിരിച്ചുകൊണ്ട് വന്ന ആ മുഖം അധികം ആർക്കും പരിചിതമല്ല. വന്നപാടെ കയ്യിലിരുന്ന മൂന്നുവയസുകാരൻ ഒരു സമര നേതാവിന്‍റെ നെഞ്ചിലേക്ക് ചാടിക്കയറി. “ചാച്ചാ ” എന്ന് വിളിച്ചു ഉമ്മകൾ നൽകി. മൂത്തകുട്ടി അടുത്തുവന്നിരുന്നു. ആർക്കും ഒന്നും മനസിലായില്ല. എങ്ങനെ മനസിലാകാനാണ് നെറ്റിയിൽ ചന്ദനകുറിയിട്ട പെണ്ണിന്റെ കയ്യിലിരുന്നൊരു കുട്ടി ഇസ്ലാംമതവിശ്വാസിയായ ഒരാളെ ” ചാച്ചാ ” എന്ന് വിളിക്കാനോ? സാധാരണ മനുഷ്യന് തോന്നാവുന്ന സംശയം. അറിയാവുന്ന ആളുകൾ പരിചയപ്പെടുത്തി കൊടുത്തു. ” അത് എൻ. എസ് നുസൂറിന്റെ ഭാര്യ ആണ്, രമ്യ”.
അതെങ്ങനെ ശെരിയാകും?

ശോഭേച്ചിയ്യും സുരേന്ദ്രേട്ടനും പിന്നെ വിഷരാഘവനും പറഞ്ഞ വർഗീയതയും ” ലവ് ജിഹാദും?
ഇതൊന്നും ഇവരാരും അറിഞ്ഞില്ലേ?
പലരും കഥ ചോദിച്ചപ്പോ നിരാഹാരത്തിന്‍റെ അവശതയൊക്കെ മറന്ന് വിവാദ ക്യാമ്പസ്‌ പ്രണയകഥയും കഷ്ടപ്പാടും ജീവിതവുമൊക്കെ ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു. അപ്പോഴും ആ മൂന്ന് വയസുകാരൻ ചാച്ചന്‍റെ മടിയിലിരുന്ന് കളിക്കുന്നുണ്ടാരുന്നു.

ജാതി- മത – രാഷ്ട്രീയ ചിന്തകൾക്കപ്പുറം സ്നേഹത്തിനുള്ള സ്ഥാനം, ജാതിയും മതവും കാറ്റിൽ പറത്തിഎന്നാവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ്കാരേക്കാൾ നന്നായി സ്വാതന്ത്ര്യത്തിന്‍റെ അമൃതപുണ്യം പകർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനറിയാം, യൂത്ത് കോൺഗ്രസിനറിയാം, കെ.എസ്.യുവിനറിയാം.
ജാതിയും മതവുമില്ലാത്ത ആ രണ്ടു കുട്ടികൾ “മതേതര” നാട്ടിൽ വളരട്ടെ.
കഴിഞ്ഞ ഒന്നര വർഷമായി എനിക്ക് നുസൂർ ഇക്കയെയും രമ്യ ചേച്ചിയെയും അറിയാം.
ഇനിയും ഒരുപാടുവർഷം അവനവന്റെ മതത്തെ തീവ്രമായി പിന്തുടരുന്ന പരസ്പരം തീവ്രമായി പ്രണയിക്കുന്ന “ലവ് ജിഹാദികളായി” മുൻപോട്ട് പോകാൻ കഴിയട്ടെ..!