‘ഗോപാലേട്ടന്‍റെ പശുവില്ല, ആമിനത്താത്തയുടെ പൂവന്‍ കോഴിയില്ല’: റിസള്‍ട്ട് പ്രഖ്യാപിച്ചത് താനല്ലാത്തത് കൊണ്ട് ട്രോളുകളൊന്നുമില്ലെന്ന് പി.കെ അബ്ദുറബ്ബ്

Jaihind Webdesk
Wednesday, July 14, 2021

തിരുവനന്തപുരം : ഇത്തവണത്തെ എസ്.എസ്.എൽ.സിക്ക് റെക്കോ‌ഡ് വിജയമാണ് സംസ്ഥാനത്ത് ഉണ്ടായത്. 99.47 ശതമാനം വിജയശതമാനമായാണ് ഉയർന്നത്. വിജയ ശതമാനം 99 കടന്നിട്ടും വിദ്യാഭ്യാസമന്ത്രി താനല്ലാത്തതുകൊണ്ട് ആരും പരിഹസിക്കാനോ ട്രോളാനോ തയ്യാറാകുന്നില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് പറയന്നു. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് വിജയ ശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ വിലക്കുറച്ചു കാണുന്നുവെന്നും അതിൽ ട്രോളുകളും മറ്റും കൊണ്ടുവരുന്നത് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണിയാണെന്നും അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

SSLC വിജയശതമാനം 99.47
ഗോപാലേട്ടൻ്റെ പശുവില്ല, ആമിനത്താത്തയുടെ പൂവൻ കോഴിയില്ല, സ്കൂളിൻ്റെ ഓട് മാറ്റാൻ വന്ന ബംഗാളിയുമില്ല. റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട് ഇജ്ജാതി ട്രോളുകളൊന്നുമില്ല.
2011 ൽ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 ആയിരുന്നു വിജയശതമാനം. പിന്നീട് ഞാൻ മന്ത്രിയായിരുന്ന കാലത്തും SSLC വിജയശതമാനം കൂടിക്കൂടി വന്നു.
2012 ൽ 93.64%
2013 ൽ 94.17%
2014 ൽ 95.47 %
2015 ൽ 97.99%
2016 ൽ 96.59%
UDF ൻ്റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ
വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക.. ഇതൊക്കെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണി. 2016 മുതൽ പ്രൊഫസർ രവീന്ദ്രനാഥ് മന്ത്രിയായ ശേഷമുള്ള വിജയശതമാനവും ഉയരത്തിൽ തന്നെയായിരുന്നു.
2017 ൽ 95.98%
2018 ൽ 97.84%
2019 ൽ 98.11%
2020 ൽ 98.82%
ഇപ്പോഴിതാ 2021 ൽ 99.47% പേരും SSLC ക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു.
വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവു കേടല്ല, വിദ്യാർത്ഥികളെ, നിങ്ങളുടെ മിടുക്കു കൊണ്ടാണ്.നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല. ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.