Ramesh Chennithala| അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം സര്‍ക്കാര്‍ വക വെറും പിആര്‍ ക്യാമ്പെയ്ന്‍: രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, November 2, 2025

തിരുവനന്തപുരം: കേരളത്തില്‍ അതിദാരിദ്ര്യം ഇല്ലാതായി എന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി കോടികള്‍ ചെലവഴിക്കുന്ന ഒരു നാടകം മാത്രമാണിതെന്നും അദ്ദേഹം പരിഹസിച്ചു.

‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന പ്രഖ്യാപനത്തിന് ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള ഏജന്‍സികളുടെയോ നീതി ആയോഗിന്റെയോ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ‘അവനവനുള്ള സര്‍ട്ടിഫിക്കറ്റ് അവനവന്‍ തന്നെ അച്ചടിച്ചെടുക്കും പോലെയുള്ള പരിപാടിയാണിത്,’ അദ്ദേഹം പരിഹസിച്ചു.

കേരളത്തിലെ അതിദരിദ്രരുടെ കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു ആത്മാര്‍ത്ഥതയുമില്ല. ലക്ഷക്കണക്കിന് ആദിവാസികള്‍ക്ക് ഇപ്പോഴും കിടപ്പാടമോ, വീടോ, പോഷകാഹാരമോ ഇല്ല. ഇത്തരം അവസ്ഥകളുള്ള ഒരു സംസ്ഥാനം എങ്ങനെ അതിദാരിദ്ര്യമുക്തമാകും? കഴിഞ്ഞ മാസം കൊല്ലം, കുന്നത്തൂര്‍ താലൂക്കിലെ മൈനാഗപ്പള്ളി പഞ്ചായത്തില്‍ ഒരാള്‍ പട്ടിണി കിടന്ന് മരിക്കുകയും മൃതദേഹം തെരുവുനായ്ക്കള്‍ ഭക്ഷിക്കുകയും ചെയ്ത സംഭവം ചൂണ്ടിക്കാട്ടി അദ്ദേഹം സര്‍ക്കാരിനെ വിമര്‍ശിച്ചു.
ഈ പിആര്‍ കാമ്പെയ്നുവേണ്ടി ചെലവഴിക്കുന്ന കോടികള്‍ ഉപയോഗിച്ച് നൂറുകണക്കിന് ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ ഈ പ്രഖ്യാപനം കേരളത്തിലെ അതിദരിദ്രരെ ദോഷകരമായി ബാധിക്കും. അതിദാരിദ്ര്യം ഇല്ലാതായി എന്ന് പ്രഖ്യാപിക്കുന്നതോടെ, റേഷന്‍ സംവിധാനം വഴി ലഭിക്കുന്ന സൗജന്യ അരി ഉള്‍പ്പെടെയുള്ള വിവിധ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങള്‍ കേരളത്തിന് നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

‘കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ ഭരണം കൊണ്ട് സിപിഎമ്മുകാരുടെ ദാരിദ്ര്യമാണ് മാറിയത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ കോടീശ്വരന്മാരായി. അതിന്റെ കണക്കെടുത്താണ് ഈ ആഘോഷമെങ്കില്‍ മനസിലാക്കാമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.