വയനാട് മെഡിക്കൽ കോളേജ് അട്ടിമറിക്ക് പിന്നിൽ ആര് ?; പിണറായി സർക്കാരിന്‍റെ വിംസ് ഏറ്റെടുക്കലിൽ വൻ ദുരൂഹത; ഏറ്റെടുക്കുന്നത് കോടികൾ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രി

Jaihind News Bureau
Wednesday, August 12, 2020

വയനാട് ഗവൺമെന്‍റ് മെഡിക്കൽ കോളേജിനായി സ്വകാര്യ ആശുപത്രി വിലക്കു വാങ്ങാനുള്ള സർക്കാർ നീക്കത്തിൽ ദുരൂഹത. വയനാടിന്‍റെ ചിരകാല സ്വപ്നമായ മെഡിക്കൽ കോളേജ് എന്ന ആവശ്യത്തെ മറയാക്കി, കോടികൾ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രി വിലക്ക് വാങ്ങാനാണ് സർക്കാർ നീക്കം. സൗജന്യമായി ലഭിച്ച ഭൂമി ദുരൂഹമായ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിന്‍റെ പേരുപറഞ്ഞ്, അനുയോജ്യമല്ലെന്ന വാദം ഉയർത്തിയാണ് സർക്കാർ നിഗൂഢമായ ഇടപാടിന് തിടുക്കപ്പെട്ട് നീക്കം നടത്തുന്നത്. ഈ നീക്കങ്ങൾക്ക് പിന്നിൽ സി.പി.എമ്മും പ്രമുഖ പ്രവാസി വ്യവസായിയും തമ്മിലുള്ള കോടികളുടെ രഹസ്യ ഇടപാടാണെന്ന ആരോപണമാണ് ഉയരുന്നത്.

വയനാട്ടുകാരുടെ വർഷങ്ങളുടെ പഴക്കമുള്ള സ്വപ്നത്തിന് ജീവൻ നൽകി, ഉമ്മൻ ചാണ്ടി സർക്കാർ 2015-ൽ കോട്ടത്തറ വില്ലേജിലെ മടക്കിമലയിലെ 50 ഏക്കർ ഭൂമിയിൽ ഗവൺമെന്‍റ് മെഡിക്കൽ കോളേജിന് തറക്കല്ലിട്ടു. മുൻ പാർലമെന്‍റ് അംഗം ജിനചന്ദ്രന്‍റെ കുടുംബ ട്രസ്റ്റ് സൗജന്യമായി നൽകിയ ഭൂമിയായിരുന്നു ഇത്. പാരിസ്ഥിതികമായി ഗ്രീൻ സോണിൽ ഉൾപ്പെടുന്ന പ്രദേശം. പിന്നീട് വന്ന പിണറായി സർക്കാർ മടക്കിമലയിലേക്ക് റോഡ് അടക്കമുള്ള നിർമ്മാണ പ്രവർത്തനവും നടത്തി. ഇതിനു ശേഷമാണ് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഇനിയും പുർണ്ണമായും പുറത്ത് വിടാത്ത റിപ്പോർട്ട് മറയാക്കി മടക്കിമലയിലെ ഭൂമി പാരിസ്ഥിതികമായി മെഡിക്കൽ കോളേജിന് അനുയോജ്യമല്ലെന്ന് വരുത്തി തീർത്തത്.

ജി.എസ്.ഐ റിപ്പോർട്ടിന്‍റെ പേരുപറഞ്ഞ് മടക്കിമലയെ ഒഴിവാക്കി, 2019 ൽ മെഡിക്കൽ കോളേജിനായി സർക്കാർ കോഴിക്കോട് രൂപതയുടെ ഉടമസ്ഥതയിലുള്ള വൈത്തിരി വില്ലേജിലെ ചുണ്ടേൽ സ്ഥിതി ചെയ്യുന്ന ചേലോട് എസ്റ്റേറ്റ് കണ്ടെത്തി. ഈ ഭൂമിയാണെങ്കിൽ പാരിസ്ഥിതികമായി റെഡ് സോണിലും. സർക്കാർ നിർദ്ദേശിക്കുന്ന വിലയ്ക്ക് സ്ഥലം വിട്ടുനൽകാൻ ചേലോട് എസ്റ്റേറ്റ് ഉടമകൾ സന്നദ്ധത അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ച സർക്കാർ മെഡിക്കൽ കോളേജിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് കിഫ്ബിക്ക് കീഴിൽ 625.38 കോടി വകയിരുത്തി ഭരണാനുമതി നൽകുകയും ചെയ്തു. ഇതിനിടെ ഒരു ദിവസം ആരോഗ്യ മന്ത്രിയും സ്ഥലം എം.എൽ.എ സി.കെ.ശശീന്ദ്രനും ചേലോട് എസ്റ്റേറ്റ് സന്ദർശിച്ചു. പിന്നീടാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.

ദിവസങ്ങൾ കഴിഞ്ഞതോടെ തന്‍റെ ഉടമസ്ഥതയിലുള്ള ഡി.എം വിംസ് ഗവൺമെന്‍റ് മെഡിക്കൽ കോളേജിനായി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ച് പ്രമുഖ വ്യവസായി രംഗത്തെത്തി. സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് ആശുപത്രി വിട്ടു നൽകാമെന്നതായിരുന്നു ഓഫർ. അതേസമയം വർഷങ്ങളായി കോടികൾ നഷ്ടത്തിലാണ് ഡി.എം വിംസ് പ്രവർത്തിക്കുന്നത്. രണ്ട് വർഷമായി വിദ്യാർത്ഥികളുടെ അഡ്മിഷൻ നടക്കുന്നുമില്ല. കൂടാതെ വയനാടിനോട് ചേർന്ന് മേപ്പാടിക്കടുത്ത് ഊട്ടിയിൽ തമിഴ്‌നാട് സർക്കാർ മെഡിക്കൽ കോളേജ് ആരംഭിക്കുന്നുമുണ്ട്. ഇത് നിലവിൽ വരുന്നതോടെ വയനാട്ടിലുള്ളവരും കുറഞ്ഞ ചെലവിൽ പ്രാപ്യമാകുന്ന വിദഗ്ധ ചികിത്സയ്ക്കായി ഊട്ടിയിലെ മെഡിക്കൽ കോളേജിനെ ആശ്രയിക്കും. ഇത്തരത്തിൽ വയനാട്ടുകാർ അങ്ങോട്ട് നീങ്ങുന്നതോടെ വിംസിന്‍റെ നഷ്ടം വർധിക്കും. കാര്യങ്ങൾ ഇങ്ങനെയായിരിക്കേയാണ് നഷ്ടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ ഉടമയായ വ്യവസായിയെ സഹായിക്കാനുള്ള സർക്കാർ നീക്കം.

2017 മുതൽ ഡി.എം വിംസ് അധികൃതർ സർക്കാരുമായി സംസാരിച്ചിരുന്നു എന്ന വെളിപ്പെടുത്തലും ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കുന്നതിനായുള്ള അണിയറ നീക്കങ്ങളുടെ ഭാഗമായുള്ള വെറും നാടകം മാത്രമായിരുന്നില്ലേ ചേലോട് എസ്റ്റേറ്റ് ഏറ്റെടുക്കൽ എന്നതാണ് ബലപ്പെടുന്ന സംശയം. ചേലോട് എസ്റ്റേറ്റ് വേണ്ടന്ന് വെച്ചതായി സർക്കാർ ഇതുവരെ എസ്റ്റേറ്റ് ഉടമകളെ ഔദ്യോഗികമായി അറിയിച്ചിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ എല്ലാ നീക്കങ്ങളും ദുരൂഹമാണ്. സി.പി.എമ്മും വിദ്യാർത്ഥികാലം മുതൽ പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്ന വിംസ് ഉടമയായ പ്രവാസി വ്യവസായിയും തമ്മിൽ ഉണ്ടാക്കിയ രഹസ്യ കൊടുക്കൽ വാങ്ങലുകൾ സംബന്ധിച്ച ധാരണയാണ് ധൃതിപിടിച്ചും നിഗൂഢവുമായ സർക്കാരിന്‍റെ ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിൽ എന്നതാണ് ഉയരുന്ന ആരോപണം.

https://www.facebook.com/JaihindNewsChannel/videos/988052214973352/