പ്രവാസികളുടെ മടക്കം: പ്രധാനമന്ത്രിക്ക് മുന്നിൽ സുരക്ഷിത നിർദ്ദേശങ്ങളുമായി എം കെ രാഘവൻ എം പി

Jaihind News Bureau
Wednesday, April 15, 2020

കോഴിക്കോട്: കൊവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നതും സുരക്ഷിതരല്ലാത്തവരുമായ പ്രവാസികളെ ആരോഗ്യമാനദണ്ഡങ്ങൾ പാലിച്ച് നാട്ടിലെത്തിക്കാനുള്ള ത്വരിത നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് എം കെ രാഘവൻ എം പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ പാക്കിസ്ഥാൻ അവരുടെ പൗരന്മാരെ മടക്കിക്കൊണ്ടുപോകാൻ നടപടി തുടങ്ങിയ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ ഇന്ത്യാ ഗവണ്‍മെന്‍റ് പിന്തുടരുന്ന മൗനം പ്രവാസികളെ സംബന്ധിച്ച് അരക്ഷിതബോധം വർധിപ്പിക്കുകയാണെന്ന് എം പി ചൂണ്ടിക്കാട്ടി.

നൂറുകണക്കിന് പ്രവാസി കുടുംബങ്ങളിൽ നിന്ന് ഇതുസംബന്ധിച്ച് ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വീണ്ടും കേന്ദ്ര സർക്കാറിനെ സമീപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.  അവരുടെ ഭയാശങ്ക മാറ്റാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. ഇന്ത്യൻ എംബസികളുമായ് ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളിൽ അടിയന്തര പ്രാധാന്യത്തോടെ നാട്ടിലെത്തേണ്ടവരെ കണ്ടെത്തി പ്രോട്ടോകാൾ നിശ്ചയിക്കണം.

നിരവധി വ്യക്തികളും സംഘടനകളും ഇക്കാര്യത്തിൽ സഹായ തത്പരരായി മുന്നോട്ടു വന്നിട്ടുണ്ട്. അവരുടെ സഹകരണം ഇക്കാര്യത്തിൽ ഔദ്യേഗിക സംവിധാനത്തിന് വേഗം പകരുന്നതാണ്. മടങ്ങിവരേണ്ടവരുടെ വിവരങ്ങൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാനും നടപടിയുണ്ടാവണം.

ദുബായ് ആസ്ഥാനമായ എയർലൈൻ, എമിറേറ്റ്സ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാനക്കമ്പനികൾ യാത്രാ സൗകര്യം നൽകാമെന്ന് ഇതിനോടകം ഉറപ്പു നൽകിയതാണ്. മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന് ഫ്ലൈറ്റുകൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 10ന് വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങൾക്ക് താൻ കത്ത് നൽകിയിരുന്നു.

ഒരു രാജ്യത്തു നിന്ന് രോഗം സ്ഥിരീകരിച്ച എല്ലാ രോഗികളെയും ഒരുമിച്ച് ഒരു വിമാനത്തിൽ എത്തിച്ചാൽ മറ്റു യാത്രക്കാർക്ക് പകരുമെന്ന ഭീതി ഒഴിവാക്കാം. അങ്ങനെ വിദേശത്തു നിന്ന് വരുന്നവരെ ചികിത്സിക്കാനും നിരീക്ഷണത്തിനും കേരളം മുന്നോട്ടുവെച്ച ആശയം പോലെ പ്രത്യേക റൂമുകൾ അതത് സംസ്ഥാനങ്ങൾ ഒരുക്കണം.  നെഗറ്റീവാണെന്ന് പരിശോധനയിൽ തെളിഞ്ഞവരും അതേസമയം സമൂഹ വ്യാപനം ഭയക്കേണ്ടവരുമായ രോഗികളെ ചാർട്ടേഡ്‌ കപ്പലുകളിൽ നാട്ടിലെത്തിക്കാം. എല്ലാ വിമാനത്താവളങ്ങളിലും കൊറോണ റാപ്പിഡ്‌ ടെസ്റ്റ് കിറ്റുകളുൾപ്പെടെ സജ്ജമാക്കണം. രോഗികൾക്ക് കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക സഹായം അനിവാര്യമാണെന്ന് എം പി ചൂണ്ടിക്കാട്ടി.

കോവിഡ് രോഗബാധ സ്ഥിരീകരിക്കപ്പെട്ട പ്രവാസി ഇന്ത്യക്കാരായ രോഗികളെയും സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും പ്രത്യേകം സജ്ജമാക്കിയ മുറികളിലേക്ക് മാറ്റാനും ഇന്ത്യക്കാരായ ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കാനും ഗവർമെന്റ് സമ്മർദ്ദം ചെലുത്തണം. നിരന്തരമായ മെഡിക്കൽ പരിചരണത്തിലൂടെ അവരുടെ രോഗം ഭേദമാക്കാമെന്ന് തെളിഞ്ഞതാണ്. ലേബർ ക്യാമ്പുകളിൽ കഴിയുന്നവർ മതിയായ സാമൂഹ്യ അകലവും സുരക്ഷിതത്വവും പാലിക്കുന്നതായി ഉപ്പാക്കണം. പ്രത്യേക മെഡിക്കൽ ടീമിനെ പ്രവാസി ഇന്ത്യക്കാരെ സഹായിക്കാൻ നിയോഗിക്കണം.

വിദേശങ്ങളിൽ കഴിയാൻ സാഹചര്യമൊന്നും അനുവദിക്കാത്തവർക്കാണ് മടങ്ങാൻ മുൻഗണന നൽകേണ്ടത്. പ്രായമായവർ, ജോലി അന്വേഷിച്ച് വിസിറ്റ് വിസയിൽ ഗൾഫ് രാജ്യങ്ങളിലെത്തിയവർ, താത്കാലികമായ് ഗൾഫ് രാജ്യങ്ങളിലെത്തിയ കുടുംബങ്ങൾ, വിമാനങ്ങൾ റദ്ദാക്കിയതോടെ കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റുകൾ, ഫ്ലൈറ്റുകള്‍ റദ്ദാക്കും മുമ്പ് തിരിച്ച് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചവർ, പ്രത്യേക മുന്നറിയിപ്പില്ലാതെ സ്ഥാപനങ്ങൾ ലീവ് നൽകിയവർ, പകർച്ചവ്യാധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർ, ഭക്ഷണമോ മരുന്നോ കൂലിയോ ലഭിക്കാതെ റൂമുകളിൽ കുടുങ്ങിക്കിടക്കുന്നവർ, മതിയായ സൗകര്യങ്ങളോ സുരക്ഷയോ ഇല്ലാതെ ലേബർ ക്യാമ്പുകളിൽ തിങ്ങിഞെരുങ്ങി കഴിയുന്നവർ, ഗർഭിണികൾ, വിവിധ രോഗങ്ങൾ അലട്ടുന്ന വ്യക്തികൾ, ഗൾഫിൽ അകപ്പെട്ട കുട്ടികൾ തുടങ്ങിയവർക്ക് അർഹിക്കുന്ന പരിഗണനയെ അടിസ്ഥാനപ്പെടുത്തിയുള്ള പരിരക്ഷയാണ് ആവശ്യമെന്നും എംപി കത്തിൽ സൂചിപ്പിച്ചു. കത്തിന്‍റെ പകർപ്പ് കേന്ദ്ര വിദേശകാര്യ മന്ത്രി, വ്യോമയാന മന്ത്രി, ആരോഗ്യ മന്ത്രി, ഷിപ്പിംഗ് മന്ത്രി എന്നിവർക്കും അയച്ചു.