പ്രവാസികളുടെ മടക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കെ.സി.വേണുഗോപാല്‍

Jaihind News Bureau
Friday, April 17, 2020

ന്യൂഡല്‍ഹി: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് പരസ്പരം പഴിചാരിയുള്ള ഒളിച്ചുകളിക്ക് പകരം അടിയന്തിര ഇടപെടലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുണ്ടാകേണ്ടതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഒരിടപെടലും നടത്താതെ, പരസ്പ്പരം വിമര്‍ശിച്ച് പ്രവാസികളെ വിധിക്ക് വിട്ടുകൊടുക്കാനാണോ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

പ്രവാസികളെ കൊണ്ടുവരുന്നതില്‍ പ്രധാന തടസം കേന്ദ്രാനുമതിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്നത് വലിയ പ്രശ്നങ്ങള്‍ക്ക് വിഴിവയ്ക്കുമെന്നതാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്രവിദേശകാര്യ സഹമന്ത്രിയുടെ വാദം. ഇത്തരം കുറ്റപ്പെടുത്തലുകളല്ല ഇപ്പോള്‍ ആവശ്യം.

നിരവധി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും മടങ്ങിയെത്തുന്ന പ്രവാസികളെ താമസിപ്പിക്കാന്‍ സ്ഥലം വിട്ടുനല്‍കാമെന്ന് അറിയിച്ചതായി ഓരോ ദിവസവും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ സന്നദ്ധത അറിയിച്ച സ്ഥലങ്ങളില്‍ പ്രവാസികളെ ക്വാറന്റീന്‍ ചെയ്യാന്‍ എന്ത് അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കിയതെന്ന് സര്‍ക്കാര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ മടക്കി കൊണ്ടുവരുന്ന പ്രവാസികള്‍ക്കായി ക്വാറന്റീന്‍ അടക്കമുള്ള എന്തു സൗകര്യങ്ങളാണ് ഒരുക്കുന്നതെന്നത് സംബന്ധിച്ച ബ്ലൂപ്രിന്റ് പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കേന്ദ്രവിദേശകാര്യ സഹമന്ത്രിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. രാഷ്ട്ര വികസനത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്നവരാണ് പ്രവാസികള്‍. നാട്ടിലുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് പ്രവാസികളുടെ ജീവനും. നാട്ടിലെ ബന്ധുക്കള്‍ പ്രവാസികളുടെ കാര്യത്തില്‍ വലിയ ആശങ്കയിലാണ്. അത്തരമൊരു ഘട്ടത്തില്‍ അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് പകരം വിവേചനമുണ്ടാക്കുന്ന പ്രസ്താവനകള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ജനങ്ങള്‍ ജീവനുവേണ്ടി പോരാട്ടം നടത്തുന്ന ഘട്ടത്തില്‍ പോലും ഭിന്നിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി നടത്തിയ പ്രസ്താവന അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കാത്തതാണ്. കഴിഞ്ഞ ആറു വര്‍ഷവും വിദേശരാജ്യങ്ങളില്‍ കറങ്ങി നടന്ന് പ്രവാസികളുടെ ആതിഥേയത്വം സ്വീകരിച്ച പ്രധാനമന്ത്രി പ്രതിസന്ധി ഘട്ടത്തില്‍ പ്രവാസികളെ കൈയ്യൊഴിഞ്ഞത് നിര്‍ഭാഗ്യകരാണ്.

പ്രവാസികളുടെ കാര്യത്തില്‍ എംബസികള്‍ക്ക് വേണ്ട രീതിയില്‍ ഇടപെടല്‍ നടത്താന്‍ കഴിയുന്നില്ല. തങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുമോയെന്നതാണ് പ്രവാസികളുടെ ഒന്നാകെയുള്ള ആശങ്ക. മടക്കി കൊണ്ടുവരുന്നതിനുള്ള നടപടികള്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ അങ്ങോട്ടേയ്ക്ക് അയയ്ക്കുന്ന കാര്യം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടായി ആലോചിക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.