പ്രവാസികളുടെ മടക്കം: അടിയന്തര നടപടി വേണമെന്ന് കെ.സി.ജോസഫ് എം.എൽ.എ

Jaihind News Bureau
Sunday, May 3, 2020

KC-Joseph

പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് അടിയന്തര നടപടി വേണമെന്ന് കെ.സി ജോസഫ് എംഎല്‍എ. മടക്കയാത്രയ്ക്കായി നോര്‍ക്ക രജിസ്ട്രഷന് പുറമെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസികളും രജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. രജിസ്ട്രേഷന്‍ പലതലത്തിലും നടക്കുമ്പോഴും പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ ഫലപ്രദമായ ശ്രമങ്ങള്‍ കേന്ദ്ര – സംസ്ഥാന ഗവണ്‍മെന്‍റുകള്‍ നടത്തുന്നില്ലെന്നാതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു. മടങ്ങി വരുന്ന 2 ലക്ഷം പേരെ ക്വാറന്‍റൈനില്‍ പാര്‍പ്പിക്കാന്‍ എല്ലാ സൗകര്യവും കേരളം ചെയ്തു കഴിഞ്ഞുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അവിശ്വസനീയമായ കണക്കാണിതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

കെ.സി ജോസഫ് എം.എല്‍.എയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം

ഏറ്റവും അവസാനം ലഭ്യമായ കണക്കനുസരിച്ച് നാട്ടിലേക്കു തിരിച്ചുവരാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം 3,53,000 കഴിഞ്ഞു. 201 രാജ്യങ്ങളില്‍ നിന്നാണ് ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മാത്രമായി യുഎഇ യിലെ 1,53,660 ഉം, സൗദി അറേബ്യയിലെ 47,268 ഉം ഉള്‍പ്പെടെ 2 ലക്ഷത്തോളം പേരാണ് മടങ്ങാനാഗ്രഹിക്കുന്നതായി അറിയിച്ചിട്ടുള്ളത്. തിരിച്ചുവരാനുള്ള നിയന്ത്രണങ്ങള്‍ മാറ്റുകയും റഗുലറായ വിമാന സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്താല്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തവരില്‍ മൂന്നിലൊന്നു ഭാഗം പോലും മടങ്ങാന്‍ തയാറാകുമെന്ന് കരുതാന്‍ സാധ്യതയില്ല. ഗര്‍ഭിണികള്‍, താല്‍ക്കാലിക വിസയില്‍ വന്നവര്‍, രോഗ ബാധിതര്‍, വിസകാലാവധി അവസാനിച്ചവര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെഴികെ ഉള്ളവര്‍ മടങ്ങാനുള്ള ‘അവസാനത്തെ ബസ്’ വരെ കാത്തു നില്‍ക്കും. കാരണം നാട്ടില്‍ വന്നാലും നേരിടേണ്ടിവരുന്ന പ്രാരാബ്ദങ്ങള്‍ ചില്ലറയല്ലല്ലോ.

നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് ത്വരിത ഗതിയില്‍ ഇതെല്ലാം ക്രമീകരിച്ചുവെന്നത് നല്ലകാര്യമാണ്. എന്നാല്‍ ഇതു കേവലം വിവരശേഖരണം മാത്രമാണെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ തന്നെ പറഞ്ഞുകഴിഞ്ഞു. അതിന്‍റെ കാരണം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നോര്‍ക്കക്കുള്ള പരിമിതി തന്നെയാണ്. ഇനി പന്ത് സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ കോര്‍ട്ടിലാണ്. അതില്‍ ഒരു ജാഗ്രതകുറവും ഉണ്ടാകാന്‍ പാടില്ല.

നോര്‍ക്ക രജിസ്ട്രഷന് പുറമെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസ്സികളും രജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരും എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്ക രജിസ്ട്രേഷന്‍ എംബസിക്ക് ബാധകമല്ല. ഇതിനു പുറമെ ഗ്രാമപഞ്ചായത്ത് തലത്തിലും പ്രവാസികളുടെ രജിസ്ട്രേഷന്‍ നടക്കുന്നുണ്ട്.

രജിസ്ട്രേഷന്‍ പലതലത്തിലും നടക്കുമ്പോഴും പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ ഫലപ്രദമായ ശ്രമങ്ങള്‍ കേന്ദ്ര – സംസ്ഥാന ഗവണ്‍മെന്‍റുകള്‍ നടത്തുന്നില്ലയെന്നതാണ് സത്യം. മുഖ്യമന്ത്രി പറയുന്നത് മടങ്ങി വരുന്ന 2 ലക്ഷം പേരെ ക്വാറന്‍റൈനില്‍ പാര്‍പ്പിക്കാന്‍ എല്ലാ സൗകര്യവും കേരളം ചെയ്തു കഴിഞ്ഞുവെന്നാണ്. അവിശ്വസനീയമായ കണക്കാണിതെന്ന് പറയാതെ നിവൃത്തിയില്ല.

ആദ്യ ഘട്ടത്തില്‍ കേരളത്തില്‍ രോഗബാധയുണ്ടായത് ഗള്‍ഫില്‍ നിന്നും വന്നവര്‍ സ്വതന്ത്രമായി യാത്ര ചെയ്തതുമൂലമാണെന്ന വ്യാപകമായ പരാതി അവഗണിക്കാനാവില്ല. ആ സാഹചര്യത്തില്‍ വിദേശത്തു നിന്നും വന്ന് ഇറങ്ങുന്നവരെ പനിയുണ്ടോയെന്ന് നോക്കി വീടുകളിലേക്ക് അയക്കുന്നത് ഒരിക്കലും ആശാസ്യമായ കാര്യമല്ല. വരുന്നവരെ വിമാനത്താവളത്തോട് ചേര്‍ന്ന് തൃപ്തികരമായ സൗകര്യങ്ങള്‍ കണ്ടെത്തി 14 ദിവസം എങ്കിലും അല്ലെങ്കില്‍ Negative Test കഴിയുന്നതുവരെ Institutional quarantine ന് സൗകര്യം ഉണ്ടാക്കുകതന്നെ വേണം. അതല്ലാതെ തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി സ്റ്റേഡിയം, പോലീസ് സ്റ്റേഡിയം, എറണാകുളത്ത് കലൂര്‍ സ്റ്റേഡിയം എന്നിവടങ്ങളിലൊക്കെ നൂറുകണക്കിനാളുകളെ പാര്‍പ്പിക്കാമെന്ന് ‘കൊട്ടക്കണക്കിന്’ പറഞ്ഞു പോവുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ട് തൃപ്തികരമായ താമസ സൗകര്യങ്ങളും ഏര്‍പ്പാട് ചെയ്യണം. അതുപോലെ മറ്റുള്ളവര്‍ക്കും വാസയോഗ്യമായ സൗകര്യങ്ങള്‍ കണ്ടെത്തണം. അവിടെ ഭക്ഷണം – ആരോഗ്യ പരിശോധനാ സൗകര്യങ്ങളും ക്രമീകരിക്കണം. അതിനുശേഷമായിരിക്കണം വിമാനത്തില്‍ മടക്കി കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കേണ്ടത്. അറിഞ്ഞിടത്തോളം കൃത്യമായ സൗകര്യങ്ങള്‍ ക്രമീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല.

ജുണ്‍മാസം പകുതിയോടെ മാത്രമെ റഗുലര്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയു എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പ്രവാസികളുടെ മടക്കയാത്രക്ക് അത്രയും കാത്തിരിക്കാന്‍ ഒരു സാഹചര്യത്തിലും കഴിയില്ല. അതിനാല്‍ വിമാനം ചാര്‍ട്ടര്‍ ചെയ്തുകൊണ്ടുവരിക മാത്രമാണ് പ്രായോഗിമായ മാര്‍ഗ്ഗം. അതിന്‍റെ ചെലവ് കേന്ദ്രവും ബന്ധപ്പെട്ട സംസ്ഥാനങ്ങളും കൂടി വഹിക്കണം. അതിന് കേന്ദ്ര ഗവണ്‍മെന്‍റില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണം. കേന്ദ്രം തയാറായില്ലെങ്കില്‍ സംസ്ഥാന ഗവണ്‍മെന്‍റ് തന്നെ അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം. അല്ലാതെ ‘അങ്ങോട്ടും ഇങ്ങോട്ടും പന്ത് തട്ടിക്കളിച്ചാല്‍’ പ്രവാസികളുടെ മടക്കയാത്ര നീണ്ടു പോവുകയേ ഉള്ളൂ.

ജോലി നഷ്ടപെട്ട് മടങ്ങിവരുന്നവരുടെ പുനരധിവാസവും ഗൗരവതരമായ വിഷയമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് നിതാഖത്ത് വിഷയം ഉണ്ടായപ്പോള്‍ സമഗ്രമായ ഒരു പുനരധിവാസ പദ്ധതി ‘നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് നോണ്‍ റിട്ടേണ്‍ എമിഗ്രന്‍റ്സ്’ (NDPREM) എന്ന പേരില്‍ ആരംഭിച്ചിരുന്നു. 20 ലക്ഷം രൂപയുടെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭകര്‍ ബാങ്കുകള്‍ മുഖേന 20 ലക്ഷം രൂപവരെ വായ്പയും ഇതിന് ഗവണ്‍മെന്‍റിന്‍റെ വകയായി 15 ശതമാനം കാപ്പിറ്റല്‍ സബ്സിഡിയും മൂന്നു ശതമാനം പലിശ സബ്സിഡിയും നല്‍കുന്നതായിരുന്നു ഈ പദ്ധതിയുടെ സവിശേഷത. ഈ പദ്ധതി ഇന്നത്തെ സാഹചര്യത്തില്‍ വിപുലീകരിക്കണം. 25% എങ്കിലും കാപ്പിറ്റല്‍ സബ്സിഡിയും ആദ്യത്തെ 5 വര്‍ഷം പൂര്‍ണ്ണമായും പലിശ ഇളവും നല്‍കുന്ന രീതിയില്‍ 50 ലക്ഷം രൂപവരെ വായ്പ നല്‍കുന്ന സമഗ്രമായ പദ്ധതിയായി രൂപാന്തരപ്പെടുത്തണം. സ്റ്റേറ്റ് ലെവല്‍ ബാങ്കിംഗ് സമിതിയുടെ അനുമതി തേടി എല്ലാ ബാങ്കുകളുടെയും സഹകരണം പദ്ധതിക്ക് ലഭ്യമാക്കണം. ഇതിനു പുറമെ നോര്‍ക്ക ഡിപ്പാര്‍ട്ട്മന്‍റു നടപ്പിലാക്കി വരുന്ന സാന്ത്വന പദ്ധതി, ചെയര്‍മാന്‍ ഫണ്ട്, സ്വപ്ന സാഫല്യം പദ്ധതി എന്നിവ മാറിയ സാഹചര്യത്തില്‍ വിപുലീകരിക്കുകയും വേണം.

പ്രവാസി ക്ഷേമനിധിയുടെ കൂടുതല്‍ പേരുടെ പങ്കാളിത്തം ഉണ്ടായെന്നത് സ്വാഗതാര്‍ഹമാണ്. ക്ഷേമനിധി ബോര്‍ഡില്‍ നിന്നും നല്‍കുന്ന സഹായ പദ്ധതികളുടെയും സംഖ്യ വര്‍ദ്ധിപ്പിക്കാന്‍ നടപടി ഉണ്ടാകണം. ഇതിനു പുറമെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിവരാനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ലക്ഷത്തോളം പേര്‍. ഇതര സംസ്ഥനങ്ങളില്‍ വീടും സൗകര്യങ്ങളും ഉള്ളവര്‍ മടങ്ങരുതെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന അവര്‍ കണക്കിലെടുക്കണം. എന്നാല്‍ കൃഷിപ്പണിക്കായി പോയവര്‍ക്കും പഠനാവശ്യത്തിനും ചികിത്സക്കും മറ്റും പോയവര്‍ക്കും മടങ്ങാതെ നിവൃത്തിയില്ല. സ്വന്തമായി മടങ്ങാന്‍ കഴിവുള്ളവര്‍ക്ക് യാത്രാനുമതി നല്‍കുകയും അവര്‍ക്ക് ആരോഗ്യപരിശോധനയും നിര്‍ബന്ധമാക്കുകയും വേണം. അന്യസംസ്ഥാന തൊഴിലാളികളെ അയക്കുന്ന ട്രെയിന്‍ മടങ്ങി വരുമ്പോള്‍ സ്റ്റേഷനുകളില്‍ കൃത്യമായ പരിശോധന നടത്തി ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ തിരികെ കെണ്ടുവരണം. അവര്‍ക്കു ആരോഗ്യപരിശോധനാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഗൗരവപൂര്‍ണ്ണമായ സമീപനമാണ് ഗവണ്‍മെന്‍റില്‍ നിന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നത്.