രാഹുല്‍ തിളങ്ങും; മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്കെന്ന് എക്‌സിറ്റ് പോള്‍

Jaihind Webdesk
Friday, December 7, 2018

ന്യൂ ദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടൊടുപ്പ് പൂര്‍ത്തിയായതോടെ മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നുതുടങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേട്ടമാകുമെന്നും വിവിധ ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ്‌പോളുകള്‍ വിലയിരുത്തപ്പെടുന്നു.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് തരംഗമാകും. രാജസ്ഥാനില്‍ 119 മുതല്‍ 141 വരെയുള്ള സീറ്റുകള്‍ നേടി വന്‍ മാര്‍ജിനില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് ഇന്ത്യാ ടുഡേ – ആക്‌സിസ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ടൈംസ് നൗ – സിഎന്‍എക്‌സ് കോണ്‍ഗ്രസിന് 105 സീറ്റുകള്‍ കണക്കുകൂട്ടുന്നു. ന്യൂസ് എക്‌സ് – നേത കോണ്‍ഗ്രസിന് 112 സീറ്റുകളാണ് പ്രവചിക്കുന്നത്. എല്ലാ സര്‍വേകളു ബി.ജെ.പിക്ക് 85 സീറ്റുകള്‍ക്ക് അപ്പുറത്തേക്ക് നേടാനാകില്ലെന്ന് കണക്കാക്കുന്നു.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഇന്ത്യാടുഡേ ആക്‌സിസ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. 10 ശതമാനം വോട്ടര്‍മാരുടെ സമീപനമായിരിക്കും ആര് അധികാരത്തില്‍ വരുമെന്ന് തീരുമാനിക്കുകയെന്നും എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നു. 104 മുതല്‍ 122 വരെ സീറ്റുകളായിരിക്കും കോണ്‍ഗ്രസ് നേടുക. 45 ശതമാനം വോട്ടുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്ന് എക്‌സിറ്റ് പോള്‍ ഇന്ത്യടുഡേ ആക്‌സിസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
ഇന്ത്യാ ടുഡേ – ആക്‌സിസ്: കോണ്‍ഗ്രസ് – 104-122, ബിജെപി: 102-120 , ബി എസ് പി – 1-3 , മറ്റുള്ളവര്‍ 3-8
ടൈംസ് നൗ – സിഎന്‍എക്‌സ്: കോണ്‍ഗ്രസ് – 89, ബിജെപി – 126, മറ്റുള്ളവര്‍ – 6, ബി എസ് പി – 6
ചത്തീസ്ഗഡില്‍ സീ വോട്ടര്‍ സര്‍വേ പ്രകാരം 42 മുതല്‍ 50 സീറ്റുകള്‍ വരെ നേടിയേക്കാം. ആകെ 90 സീറ്റുകളാണ് ചത്തീസ്ഗഡിലുള്ളത്. ന്യൂസ് നേഷനും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചിക്കുന്നു.