കൊച്ചി : ലഹരി മരുന്ന് കേസിലെ പ്രതികളെ വിട്ടയയ്ക്കാൻ എക്സൈസ് സംഘത്തിന്‍റെ കള്ളക്കഥ. റെയ്ഡ് ചെയ്ത് 5 പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം ഇതില്‍ രണ്ടു പേർ സംഭവ സ്ഥലത്ത് എത്തിയെന്നും തെളിവില്ലാത്തതിനാൽ വിട്ടയച്ചെന്നുമാണ് മഹസർ. അതേസമയം ലഹരി കടത്താൻ മറയായി ഉപയോഗിച്ച നായ്ക്കളെ പ്രതികളുടെ ബന്ധുക്കൾക്ക് വിട്ട് നൽകിയതും ചട്ടം പാലിക്കാതെയാണ്.
കൊച്ചിയിൽ നിന്ന് ലഹരി മരുന്നുമായി 7 പേരെ കസ്റ്റംസ് പ്രിവന്‍റീവും സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും ചേർന്നാണ്. ഇവരെ കേസെടുക്കാനായി ജില്ലാ എക്സൈസ് നാർക്കോട്ടിക് വിഭാഗം ഒരു യുവതിയടക്കം രണ്ടു പ്രതികളെ ഒഴിവാക്കി. ഈ യുവതിക്ക് ലഹരി മരുന്ന് ഇടപാടിൽ പങ്കുണ്ടെന്ന് വ്യക്തമായിട്ടും ഒഴിവാക്കാൻ കള്ളക്കഥ ചമച്ചു. 5 പ്രതികളെ അറസ്റ്റ് ചെയ്ത് ഇവരിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തിക്കഴിഞ്ഞാണ് തിരുവല്ല സ്വദേശിയായ യുവതിയും കാസർകോഡ് സ്വദേശിയായ യുവാവും ഇവിടെ എത്തിയത് എന്നാണ് എക്സൈസിന്റെ മഹസർ. 5 പേരെ പിടിച്ച വിവരമറിഞ്ഞാണ് ഇവർ എത്തിയതെന്നും മഹസറിൽ കള്ളക്കഥ എഴുതി.
ഇവർക്ക് കേസിൽ ബന്ധമില്ലെന്നും ഇതിനാൽ വിട്ടയക്കുകയാണെന്നും മഹസറിലുണ്ട്. പ്രതികളെ വിട്ടയക്കാൻ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് മഹസർ. ഇതിന് പുറമേ നായ്ക്കളെ മറയാക്കിയാണ് സംഘം ലഹരി മരുന്ന് കടത്തുന്നതെന്ന് വ്യക്തമായിട്ടും ചട്ടം പാലിക്കാതെ ഇവയെ പ്രതികളുടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇത്തരം കേസുകളിൽ നായ്ക്കളെ മൃഗസംരക്ഷണ വകുപ്പിന് കൈമാറുകയാണ് ചെയ്യേണ്ടത്. അതേസമയം കേസിൽ എക്സൈസ് വിട്ടയച്ച യുവതിക്ക് ലഹരി മരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന സിസിടിവി ദ്യശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടും ഇവരെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നാണ് സൂചന.