തൊഴില്‍ തട്ടിപ്പില്‍ എക്സൈസ് മന്ത്രിയും കുരുക്കില്‍ ; സരിതയുടെ ഫോണ്‍ സംഭാഷണം പുറത്ത്

Jaihind Webdesk
Thursday, April 1, 2021

തിരുവനന്തപുരം : സരിതാ നായരുടെ നേതൃത്വത്തിൽ ബിവറേജസ് കോർപ്പറേഷൻ കേന്ദ്രീകരിച്ച് നടന്ന തൊഴിൽ തട്ടിപ്പിൽ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനെതിരെയും ആരോപണം. ഉദ്യോഗാർത്ഥിയോട് മന്ത്രിയുടെ പിഎയെ ഫോണിൽ വിളിച്ച് തരാമെന്ന് സരിത പറഞ്ഞു. മന്ത്രി ടിപി രാമകൃഷ്ണൻ്റെ നിർദേശപ്രകാരമാണ് ഇതെന്നും സരിത പറഞ്ഞു. സരിതയും തൊഴിൽ തട്ടിപ്പിന് ഇരയായ ഉദ്യോഗാർത്ഥിയും തമ്മിലുള്ള ഫോൺ സംഭാഷണം ജയ്ഹിന്ദ് ന്യൂസ് പുറത്തുവിട്ടു.

മന്ത്രി ടി.പി രാമകൃഷ്ണന്‍റെ പങ്ക് വ്യക്തമാക്കുന്ന പരാമർശങ്ങള്‍ സരിതയും ഉദ്യോഗാർത്ഥിയുമായുള്ള ഫോണ്‍ സംഭാഷണത്തിലുണ്ട്. തൊഴിൽ ലഭിക്കുമെന്ന ഉറപ്പിന് വേണ്ടി ഉദ്യോഗാർത്ഥിക്ക് മന്ത്രി ടിപി രാമകൃഷ്ണൻ്റെ പിഎ യുമായി സംസാരിക്കാൻ അവസരമൊരുക്കാമെന്ന് സരിത പറയുന്നു. ഇത് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്നും സരിത വ്യക്തമാക്കുന്നുണ്ട്. ബെവ്കോ മുൻ എം.ഡി സ്പർജൻ കുമാർ അഴിമതിക്കാരനെന്നും സരിത സംഭാഷണത്തിൽ പറയുന്നു.

മന്ത്രിമാരുടെ പേര് പറഞ്ഞാണ് സരിത എസ് നായർ തൊഴിൽ തട്ടിപ്പ് നടത്തിയതെന്ന് മുമ്പ് അരുൺ വ്യക്തമാക്കിയിരുന്നു. അരുൺ പറഞ്ഞത് ശരിവെക്കുന്ന തെളിവുകളാണ് പുറത്ത് വരുന്നത്. തെളിവുകൾ സഹിതം പരാതി നൽകി മാസങ്ങള്‍ കഴിഞ്ഞിട്ടും  കേസന്വേഷണവുമായി ബന്ധപ്പെട്ട് സരിതയെ ചോദ്യം ചെയ്യാൻ പോലും പൊലീസ് വിളിപ്പിച്ചിട്ടില്ലെന്നും അരുൺ വ്യക്തമാക്കുന്നു. തനിക്ക് രാഷ്ട്രീയഭീഷണിയുണ്ടെന്നും അരുൺ പറയുന്നു.