എക്സാലോജിക് കുരുക്കിൽ മുഖ്യമന്ത്രിയും കുടുംബവും; ഒന്നിനുപിറകെ ഒന്നായി തെളിവുകൾ; പാർട്ടിയും സർക്കാരും വീണ്ടും പ്രതിസന്ധിയിൽ

 

തിരുവനന്തപുരം: മാസപ്പടിയ്ക്കു പിന്നാലെ വീണയുടെ വിദേശ അക്കൗണ്ട് വിവാദം ഇടിത്തീ പോലെ സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും മകളേയും പിടിച്ചുലയ്ക്കുകയാണ്.  നേരത്തെ തന്നെ മുഖ്യമന്ത്രിയും സർക്കാരുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കമ്പനികൾ വീണയുടെ വിദേശ അക്കൗണ്ടിലേക്ക് പണം കൈമാറി എന്നത് ആരോപണത്തിന്‍റെ ഗൗരവം വർധിപ്പിക്കുകയാണ്. വീണയും ബന്ധുവും സംയുക്ത അക്കൗണ്ട് എടുത്തിരുന്ന ഇതേ ബാങ്കിൽ മുഖ്യമന്ത്രിയുടെ മകനും ജോലി ചെയ്തിരുന്നു എന്ന വിവരം കൂടി പുറത്ത് വന്നതോടെ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ കുടുംബം ഒന്നടങ്കം കുരുക്കിലായി.

മുഖ്യമന്ത്രിയുടെ മകളുടെ വിദേശ ബാങ്ക് അക്കൗണ്ട് വിവാദം മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും കനത്ത പ്രതിരോധത്തിലും
പ്രതിക്കൂട്ടിലുമാക്കുകയാണ്. വീണയുടെവിദേശ അക്കൗണ്ടിലേക്ക് പണം കൈമാറിയ എസ്എൻസി ലാവലിനും, പ്രൈസ്
വാട്ടർഹൗസ് കൂപ്പേഴ്സുമായി ബന്ധപ്പെട്ട്  വലിയ വിവാദങ്ങളും ആരോപണങ്ങളും മുഖ്യമന്ത്രിയും സർക്കാരും നേരത്തെ നേരിട്ടിരുന്നു. വീണയ്ക്കും ബന്ധുവുമായ എം സുനീഷിനും സംയുക്ത അക്കൗണ്ട് ഉണ്ടായിരുന്ന അബുദാബി കോമേഴ്സ്യൽ ബാങ്കിലാണ് മുഖ്യമന്ത്രിയുടെ മകനും ജോലി ചെയ്യുന്നതെന്ന വസ്തുത കൂടി പുറത്തുവന്നതോടെ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ കുടുംബം ഒന്നടങ്കം പെടുകയാണ്.

2016 -19 കാലഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ മകളുടെ വിദേശ അക്കൗണ്ടിലേക്ക് വിവാദ കമ്പനികൾ പണം കൈമാറിയിട്ടുള്ളത്. ഈ പണം അമേരിക്കൻ അക്കൗണ്ടുകളിലേക്ക് കൈമാറിയെന്നതും ദുരുഹതകൾ വർദ്ധിപ്പിക്കുകയാണ്.  ഇതിനുശേഷം
2020 ഈ അക്കൗണ്ട് അവസാനിപ്പിച്ചതായിട്ടാണ് സൂചന.  മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും വിദേശയാത്രകൾ പലപ്പോഴും ദുരൂഹമായ വിവാദങ്ങൾ ഉയർത്തിയിട്ടുണ്ട്. വിദേശ ബാങ്ക് അക്കൗണ്ട് വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന ശക്തമായ ആവശ്യമാണ് പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്.  വിവാദം കേരള രാഷ്ട്രീയത്തെ പിടിച്ചുലക്കുമ്പോൾ സിപിഎം കനത്ത പ്രതിരോധത്തിലേക്ക് നീങ്ങുകയാണ്.

Comments (0)
Add Comment