ആര്‍എല്‍എസ്പി അധ്യക്ഷന്‍ ഉപേന്ദ്ര കുശ്വാഹ NDA വിട്ടു; ഇനി മഹാസഖ്യത്തിനൊപ്പം

Jaihind Webdesk
Thursday, December 20, 2018

രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി അധ്യക്ഷന്‍ ഉപേന്ദ്ര കുശ്വാഹ ഇനി കോണ്‍ഗ്രസ് നയിക്കുന്ന മഹാസഖ്യത്തിനൊപ്പം.  എൻ.ഡി.എയിൽ നിന്നും രാജിവെച്ച മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള ആര്‍.എല്‍.എസ്.പി കോൺഗ്രസ്​ നയിക്കുന്ന മഹാസഖ്യത്തിൽ ചേർന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നേതാക്കള്‍ പങ്കെടുത്ത് സഖ്യം പ്രഖ്യാപിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബീഹാറിലെ സഖ്യത്തിലേക്ക്​ ഉപേന്ദ്ര കുശ്വാഹയും ചേർന്നതിൽ സന്തോഷമറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം പത്താം തീയതി കേന്ദ്ര മന്ത്രിസ്ഥാനം ഉപേന്ദ്ര കുശ്വാഹ രാജിവെച്ചിരുന്നു. ആര്‍എല്‍എസ്പി എന്‍ഡിഎ വിടുന്നതിന് മുന്നോടിയായിട്ടായിരുന്നു കുശ്വാഹയുടെ  രാജി.  പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള കുശ്വാഹയുടെ രാജി ബിജെപിക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയത്.

കോണ്‍ഗ്രസ്, ആർ.ജെ.ഡി എന്നീ കക്ഷികള്‍ക്ക് പുറമെ മുന്‍ മുഖ്യമന്ത്രി കൂടിയായ ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, ശരത് യാദവി​​െൻറ ലോക് താന്ത്രിക് ജനതാദള്‍, കുശ്വാഹയുടെ ആർ.എൽ.എസ്​.പി എന്നീ കക്ഷികള്‍ അടങ്ങുന്നതാണ് മഹാസഖ്യം.