കൊച്ചി: ബാർ കോഴ കേസിൽ എക്സൈസ്, ടൂറിസം മന്ത്രിമാർ പറയുന്നത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മദ്യനയവുമായി ബന്ധപ്പെട്ട് യോഗം വിളിച്ചതിന്‍റെ തെളിവും പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. മേയ് 21-ന് മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് നടത്തിയ സൂം മീറ്റിംഗിൽ ബാർ ഉടമകളും പങ്കെടുത്തു. ഇതിന്‍റെ മീറ്റിങ്ങിന്‍റെ ലിങ്ക് കൈവശമുണ്ടെന്നും പ്രതിപക്ഷനേതാവ് പറവൂരില്‍ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പെരുമാറ്റച്ചട്ടം മാറിയാൽ ഉടൻ മദ്യനയത്തിൽ മാറ്റം വരുത്താമെന്നാണ് യോഗത്തിൽ പറഞ്ഞത്. അഴിമതി ആരോപണത്തെക്കുറിച്ചല്ല, വാർത്ത പുറത്തായതെങ്ങനെ എന്ന കാര്യത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സർക്കാരിനെതിരെ അഴിമതി ആരോപണം വരുമ്പോഴെല്ലാം അഴിമതി പുറത്താകാനിടയായ സാഹചര്യങ്ങളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. ഇത് എവിടുത്തെ രീതിയാണെന്നും വി.ഡി. സതീശൻ ചോദിച്ചു.
ഡിജിപിക്ക് എക്സൈസ് മന്ത്രി നൽകിയ പരാതിയിലും ഇതുതന്നെയാണ് നടക്കുന്നത്. മദ്യനയത്തിൽ എന്തിനാണ് ടൂറിസം വകുപ്പ് ഇടപെടുന്നതെന്നും ടൂറിസം വകുപ്പ് എന്തിനാണ് ബാറുടമകളുടെ യോഗം വിളിക്കുന്നതെന്നും പ്രതിപക്ഷന നേതാവ് ചോദിച്ചു. ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിൽ കൈകടത്തി എന്ന ആക്ഷേപം മന്ത്രി എം.ബി. രാജേഷിനുണ്ടോയെന്ന് വ്യക്തമാക്കണം. രണ്ടു മന്ത്രിമാരും രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നും വിഷയത്തിൽ ശക്തമായ സമരവുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
ബാറുടമകളുമായി മദ്യ നയത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നായിരുന്നു മന്ത്രി എം.ബി. രാജേഷ് അറിയിച്ചിരുന്നത്. എന്നാൽ യോഗത്തിൽ പങ്കെടുത്ത ബാറുടമകൾ ഡ്രൈഡേ ഒഴിവാക്കണമെന്നും പ്രവർത്തന സമയം കൂട്ടണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിശോധിക്കുമെന്ന് യോഗത്തിൽ ഉറപ്പ് നൽകുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് പറഞ്ഞത്:
മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതി പുറത്തു വന്നതിന് പിന്നാലെ ബാര്‍ ഉടമകള്‍ ഉള്‍പ്പെടെ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന എക്‌സൈസ് ടൂറിസം മന്ത്രിമാരുടെ പ്രസ്താവനകള്‍ പച്ചക്കള്ളമാണ്. കഴിഞ്ഞ രണ്ടു മാസമായി മദ്യ നയം സംബന്ധിച്ച് കൂടിയാലോചനകള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യം ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത പ്രതിമാസ യോഗത്തില്‍ മദ്യ നയത്തിലെ മാറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി. മെയ് 21- ന് ടൂറിസം വകുപ്പ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബാര്‍ ഉടമകളും പങ്കെടുത്തു. സൂം വഴി നടത്തിയ ആ യോഗത്തിന്റെ ലിങ്ക് എന്റെ കൈവശമുണ്ട്. ആ യോഗത്തില്‍ ഡ്രൈ ഡേയെ കുറിച്ചും ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടുന്നതിനെ കുറിച്ചും ചര്‍ച്ച നടന്നിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് എറണാകുളത്ത് ചേര്‍ന്ന ബാര്‍ ഉടമകളുടെ യോഗത്തില്‍ പണപ്പിരിവിന് നിര്‍ദ്ദേശം നല്‍കിയത്. ഒരു കൂടിയാലോചനയും നടന്നില്ലെന്ന് രണ്ടു മന്ത്രിമാരും പറഞ്ഞത് പച്ചക്കള്ളമാണ്.
അബ്ക്കാരി നിയമത്തില്‍ മാറ്റം വരുത്തുന്നതില്‍ ടൂറിസം വകുപ്പിന് എന്ത് കാര്യമാണുള്ളത്? ടൂറിസം വകുപ്പ് ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് എക്‌സൈസ് ടൂറിസം മന്ത്രിമാര്‍ രാജി വയ്ക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടത്. ടൂറിസം വകുപ്പ് അനാവശ്യ ഇടപെടല്‍ നടത്തിയിട്ടുണ്ട്. എന്തിനാണ് ടൂറിസം വകുപ്പ് ബാര്‍ ഉടമകളുടെ യോഗം വിളിച്ചത്. എക്‌സൈസ് വകുപ്പില്‍ ടൂറിസം മന്ത്രി കൈകടത്തിയെന്ന ആക്ഷേപം ഉണ്ടോയെന്ന് എം.ബി രാജേഷാണ് വ്യക്തമാക്കേണ്ടത്. ടൂറിസം വകുപ്പ് ഇടപെട്ടെന്ന ആരോപണം തെളിവുകളോടെയാണ് പ്രതിപക്ഷം ഉന്നയിച്ചത്. ബാര്‍ കോഴയില്‍ വിദ്യാര്‍ത്ഥി യുവജന സംഘടനകളും കോണ്‍ഗ്രസും യു.ഡി.എഫ് ഘടകകക്ഷികളും യു.ഡി.എഫും സമരം നടത്തും. വിഷയം നിയമസഭയിലും ഉന്നയിക്കും. വിഷയം സബ്ജക്ട് കമ്മിറ്റിയില്‍ വന്നപ്പോഴും യു.ഡി.എഫ് അംഗങ്ങള്‍ എതിര്‍ത്തിട്ടുണ്ട്.
വാര്‍ത്ത എങ്ങനെ പുറത്തു പോയി എന്നതല്ലാതെ അഴിമതിയെക്കുറിച്ചല്ല സര്‍ക്കാര്‍ അന്വേഷിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ ആരോപണത്തിലും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്കെതിരായ ആരോപണത്തിലും തെറ്റുകളെ കുറിച്ചല്ല അന്വേഷിച്ചത്. പൊലീസ് അന്വേഷണം പ്രഹസനമാക്കി മാറ്റുകയാണ്. രണ്ട് മന്ത്രിമാരും രാജി വച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. രണ്ട് മന്ത്രിമാരും പച്ചക്കള്ളം പറഞ്ഞ ശേഷമാണ് വിദേശത്തേക്ക് പോയത്.
പണം കൊടുത്തില്ലെങ്കില്‍ മദ്യ നയത്തില്‍ മാറ്റം വരില്ലെന്നാണ് ബാര്‍ ഉടമയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. ഓഡിയോ സന്ദേശത്തിലും യോഗത്തിന്റെ അജണ്ടയിലും കെട്ടിട നിര്‍മ്മാണം സംബന്ധിച്ച പണപ്പിരിവിനെ കുറിച്ചല്ല പറഞ്ഞിരിക്കുന്നത്. മദ്യ നയം മാറ്റണമെങ്കില്‍ പണം നല്‍കിയേ മതിയാകൂവെന്ന് വ്യക്തമായിരിക്കുകയാണ്. അതിന് വേണ്ടിയാണ് ബാര്‍ ഉടമകളുടെ സംഘടന യോഗം ചേര്‍ന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയാല്‍ മദ്യ നയത്തില്‍ മാറ്റം വരുത്താമെന്നതാണ് സര്‍ക്കാരിന്റെ ഉറപ്പ്. എന്നിട്ടാണ് ഇതേക്കുറിച്ച് ആലോചിച്ചിട്ടേയില്ലെന്ന് മന്ത്രിമാര്‍ പച്ചക്കള്ളം പറഞ്ഞത്.
2016 ല്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ മദ്യവര്‍ജ്ജന സമിതിക്കാരെയും മദ്യ നിരോധനക്കാരെയും കൂട്ടി മദ്യം വ്യാപകമാക്കുന്നതിനെ ശക്തിയായി എതിര്‍ക്കുമെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. അന്ന് 29 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ബാര്‍ അനുവദിച്ചതിനെ എതിര്‍ത്തുകൊണ്ടാണ് പിണറായി വിജയന്‍ സംസാരിച്ചത്. എല്‍.ഡി.എഫ് വരും എല്ലാ ശരിയാകുമെന്ന് പറഞ്ഞ ആള്‍ വന്നപ്പോഴാണ് എല്ലാം ശരിയായത്. വ്യാപകമായി ബാറുകള്‍ അനുവദിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ 130 ബാറുകള്‍ക്കാണ് അനുമതി നല്‍കിയത്. ഇതിന് പിന്നില്‍ സാമ്പത്തിക താല്‍പര്യമാണ്. ബാര്‍ പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴാണ് കെ.എം മാണിക്കെതിരെ ആരോപണം ഉന്നയിച്ചത്. ബാര്‍ ഉടമകള്‍ക്കു വേണ്ടി അദ്ദേഹം ഒരു സഹായവും ചെയ്തു കൊടുത്തിട്ടില്ല.