അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന പാർട്ടിയായി സിപിഎം അധപതിച്ചെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി. അധികാരത്തിന്‍റെ അപ്പക്കഷണത്തിനായി ഏതു വർഗീയ പാർട്ടികളോടും കൂട്ടുകൂടാന്‍ സിപിഎമ്മിന് മടിയില്ല. ‘അരിവാൾ താമര നക്ഷത്രം അതാണ് നമ്മുടെ അടയാളം’ എന്ന മുദ്രാവാക്യം കേരളത്തിൻ്റെ തെരുവോരങ്ങളിൽ മുഴങ്ങുന്ന കാലം അതിവിദൂരമല്ല. ബിജെപിയുമായുള്ള അവിഹിത ബന്ധത്തിലൂടെ കോൺഗ്രസിനെയും കേരളത്തെയും തകർക്കാമെന്ന് സിപിഎം വ്യാമോഹിക്കേണ്ടെന്നും നാടിന് കാവലായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇവിടെയുണ്ടാകുമെന്നും കെ സുധാകരന്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു.
കെപിസിസി പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് :
അധികാരത്തിൻ്റെ അപ്പക്കഷണങ്ങൾക്ക് വേണ്ടി ഏത് വർഗ്ഗീയ വാദികളോടും കൂട്ടുകൂടാൻ സിപിഎമ്മിന് മടിയില്ല എന്ന് കോട്ടയം നഗരസഭയിലെ അവിശ്വാസ പ്രമേയം വ്യക്തമാക്കുന്നു. യുഡിഎഫിൻ്റെ നഗരസഭാ ഭരണം അട്ടിമറിക്കാൻ സിപിഎമ്മും ബിജെപിയും പരസ്യസഖ്യത്തിൽ ഏർപ്പെട്ടത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ CPM – RSS രഹസ്യ സഖ്യം ഉണ്ടായിരുന്നുവെന്ന സത്യം കൂടുതൽ വെളിവാകുന്നു. ജീർണ്ണിച്ച രാഷ്ട്രീയമാണ് സിപിഎമ്മിൻ്റെ അധികാര ദുർമോഹത്തിലൂടെ പുറത്ത് വരുന്നത്. ഈരാറ്റുപേട്ടയിൽ തീവ്ര വർഗ്ഗീയവാദികളായ എസ്ഡിപിഐയ്ക്കൊപ്പം ചേർന്ന് അഭിമന്യുവിൻ്റെ ഓർമ്മകളെ പരിഹസിച്ച നാണം കെട്ട പാർട്ടിയാണ് സിപിഎം. യാതൊരു വിധ നയങ്ങളും നിലപാടുകളും ഇല്ലാതെ അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന പാർട്ടിയായി സി പി എം മാറിയിരിക്കുന്നു.
“അരിവാൾ താമര നക്ഷത്രം
അതാണ് നമ്മുടെ അടയാളം” എന്ന മുദ്രാവാക്യം കേരളത്തിൻ്റെ തെരുവോരങ്ങളിൽ മുഴങ്ങുന്ന കാലം അതിവിദൂരമല്ല. എങ്കിലും ബി ജെ പിയുമായുള്ള അവിഹിത ബന്ധത്തിലൂടെ കോൺഗ്രസിനെയും കേരളത്തെയും തകർക്കാമെന്ന് സി.പി.എം വ്യാമോഹിക്കേണ്ട.ഈ അവിഹിത കൂട്ടുകെട്ട് കോൺഗ്രസിൻ്റെ മാത്രമല്ല, രാജ്യത്തിൻ്റെ കൂടി ശത്രുവാണ്. ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും തോളോടുതോൾ നിൽക്കുന്ന ഈ മണ്ണിൽ രാഷ്ട്രീയ സഖ്യത്തിനൊപ്പം വർഗ്ഗീയ വിഷവിത്ത് കൂടി ഇവർ വിതയ്ക്കുകയാണ്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത്, ഈ മഹാരാജ്യത്തെ മതേതരത്വം ഇത്രയും കാലം കാത്തു സൂക്ഷിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ തുടർന്നും അത് സംരക്ഷിച്ചുകൊണ്ടുപോകാൻ ഞങ്ങൾക്കറിയാം.
ഒന്നു മാത്രം ഉറപ്പിച്ചു പറയാം, ദുർഗന്ധം വമിപ്പിക്കുന്ന വർഗ്ഗീയ രാഷ്ട്രീയവുമായി കേരളത്തെ തകർക്കാൻ സിപിഎമ്മും ബിജെപിയും ഒന്നു ചേർന്നാലും ഈ നാടിന് കാവലായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇവിടെയുണ്ടാകും.