‘റിലയന്‍സ് എന്‍ഡ്, അദാനി എന്‍ഡ് ! മോദി ഓപ്പണിംഗ് ബാറ്റ്സ്മാനായി വന്നാലും നമ്മള്‍ കാണേണ്ടിവരും’ : പരിഹസിച്ച് ടി സിദ്ദിഖ്

 

അഹമ്മദാബാദ് : ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ പേര് നരേന്ദ്ര മോദി എന്നാക്കിയ നടപടിക്കെതിരെ വ്യാപക വിമർശനം. മോദിയുടേത് ഏകാധിപതിയുടെ ചെയ്തികളാണെന്ന വിമർശനവും  രസകരമായ ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നു.

മോദി ഓപ്പണിംഗ് ബാറ്റ്സ്മാനായി വന്നാലും നമ്മള്‍ കാണേണ്ടിവരുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ടി സിദ്ദിഖ് പരിഹസിച്ചു. സർദാർ പട്ടേല്‍ സ്റ്റേഡിയത്തിന്‍റെ പേര് മോദി എന്നാക്കിയത് എന്തുകൊണ്ടാണെന്ന് രണ്ട് എന്‍ഡുകള്‍ നോക്കിയാല്‍ മനസിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിലയന്‍സ് എന്‍ഡ്, അദാനി എന്‍ഡ് എന്ന സ്ക്രീന്‍ഷോട്ടുകള്‍ സഹിതം അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചു.

ഒരു ഏകാധിപതിയുടെ എല്ലാം തികഞ്ഞ രൂപമാണ് നരേന്ദ്ര മോദി എന്ന് തെളിയിക്കുന്നതാണ് പട്ടേലിന്‍റെ പേരു മാറ്റി മോദിയുടെ പേരു നൽകിയതിലൂടെ വ്യക്തമാകുന്നത്. ഒരു പ്രധാനമന്ത്രി അധികാരത്തിലിരിക്കെ തന്‍റെ പേര് സ്റ്റേഡിയത്തിന് നൽകി ആത്മരതിയിൽ ആറാടുന്നത്‌ കാണുമ്പോൾ സഹതാപം മാത്രമെന്നും അദ്ദേഹം പരിഹസിച്ചു. അധികാരത്തിലിരിക്കെ ഹിറ്റ്‌ലറും സ്റ്റേഡിയത്തിനു സ്വന്തം പേര് നൽകിയിരുന്നു എന്നും ടി സിദ്ദിഖ്ചൂണ്ടിക്കാട്ടി.

സ്റ്റേഡിയം ഇന്ന് ഉദ്ഘാടനം ചെയ്യവെ രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് പുതിയ പേര് പ്രഖ്യാപിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു, ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ എന്നിവരും പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രഖ്യാപനം.

 

ടി സിദ്ദിഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് :

 

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയമായ അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയം ഇനി നരേന്ദ്ര മോഡി സ്റ്റേഡിയം എന്ന് അറിയപ്പെടുമെന്ന്. പുതുക്കിപ്പണിത ശേഷം ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ പിങ്ക്‌ ബോൾ ടെസ്റ്റ്‌ ആരംഭിക്കുന്ന ദിവസമാണു ഈ പേരു മാറ്റൽ. ഒരു ഏകാധിപതിയുടെ എല്ലാം തികഞ്ഞ രൂപമാണു നരേന്ദ്ര മോഡി എന്ന് തെളിയിക്കുന്നതാണു പട്ടേലിന്റെ പേരു മാറ്റി മോഡിയുടെ പേരു നൽകിയതിനെ കാണാൻ കഴിയൂ. ഒരു പ്രധാനമന്ത്രി അധികാരത്തിലിരിക്കെ തന്റെ പേരു സ്റ്റേഡിയത്തിനു നൽകി ആത്മരതിയിൽ ആറാടുന്നത്‌ കാണുമ്പോൾ സഹതാപം മാത്രം.
അധികാരത്തിലിരിക്കെ ഹിറ്റ്‌ലറും സ്റ്റേഡിയത്തിനു സ്വന്തം പേരു നൽകിയിരുന്നു എന്നോർക്കണം. തെക്കുകിഴക്കൻ ജർമനിയിലെ ബാഡൻ-വുർടംബർഗ് സ്റ്റേറ്റിന്റെ തലസ്ഥാനമാണ് സ്റ്റുറ്റ്ഗാട്ട്. 1933ലാണ് നഗരത്തിൽ സ്‌റ്റേഡിയം നിർമിക്കപ്പെട്ടത്. നിർമിക്കപ്പെട്ട ശേഷം സ്റ്റേഡിയത്തിന് അഡോൾഫ് ഹിറ്റ്‌ലർ കാംപ്ഫ്പാൻ എന്ന പേര് നൽകുകയായിരുന്നു. കാംപ്ഫ്പാൻ എന്ന ജർമൻ വാക്കിന്റെ അർത്ഥം കളിസ്ഥലമെന്നാണ്.
ഇന്ത്യയുടെ പേരു മാറ്റി മോഡിയ എന്നാക്കിയാലും അത്ഭുതപ്പെടാനില്ല. അല്ലെങ്കിൽ ഇന്ത്യക്ക്‌ വേണ്ടി ഓപണിംഗ്‌ ബാറ്റ്സ്മാനായി മോഡി വന്നാലും നമ്മൾ കാണേണ്ടി വരും. എല്ലാം തികഞ്ഞ ഒരു നാർസ്സിസ്റ്റ്‌ ആണല്ലോ നമ്മെ ഭരിക്കുന്നത്‌ !!

 

Comments (0)
Add Comment