വ്യാജപ്രചാരണം തള്ളി സിദ്ധരാമയ്യ; ചികിത്സയ്ക്കായി കേരളത്തില്‍ നിന്നുള്ള രോഗികളെ കര്‍ണാടകയിലേക്ക് പോകാന്‍ അനുവദിക്കണം; ‘കൊറോണയ്‌ക്കെതിരായ പോരാട്ടം ജാതിക്കും മതത്തിനും അതിർത്തിക്കും അതീതം’

Jaihind News Bureau
Wednesday, April 1, 2020

മതിയായ മുൻകരുതൽ നടപടികളോടെ കേരളത്തില്‍ നിന്നുള്ള രോഗികളെ വൈദ്യസഹായത്തിനായി കര്‍ണാടകയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. കൊറോണയ്‌ക്കെതിരായ തങ്ങളുടെ പോരാട്ടം ജാതിക്കും മതത്തിനും അതിർത്തിക്കും അതീതമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സിദ്ധരാമയ്യയുടെ ട്വീറ്റിന്‍റെ പൂര്‍ണരൂപം:

“കാസർഗോഡ് നിന്നും മാംഗലാപുരത്തേക്ക് അടിയന്തിര സ്വഭാവം ഉള്ളതും അത്യാവശ്യമുള്ളതുമായ യാത്രകൾ മാനുഷിക പരിഗണന നൽകി അനുവദിക്കണം. മതിയായ മുൻകരുതൽ നടപടികളോടെ കേരളത്തില്‍ നിന്നുള്ള രോഗികളെ വൈദ്യസഹായത്തിനായി കര്‍ണാടകയിലേക്ക് പോകാന്‍ അനുവദിക്കണം. കൊറോണയ്ക്കെതിരായ തങ്ങളുടെ പോരാട്ടം ജാതിക്കും മതത്തിനും അതിർത്തിക്കും അതീതമാണ്”

അതിര്‍ത്തി പ്രശ്നവുമായി ബന്ധപ്പെട്ട് സി.പി.എം മുഖപത്രമായ ദേശാഭിമാനി ഉള്‍പ്പെടെ സിദ്ധരാമയ്യയുടേതെന്ന തരത്തില്‍ തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വ്യാജ വാർത്ത ബി.ജെ.പി സൈബർ പോരാളികളും ഏറ്റുപിടിച്ചു. ഇതിനു പിന്നാലെയാണ് വ്യാജ പ്രചരണം തള്ളി സിദ്ധരാമയ്യ തന്നെ രംഗത്ത് വന്നത്.  സിദ്ധരാമയ്യയേയും കോണ്‍ഗ്രസിനേയും അപമാനിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയും അഭിപ്രായപ്പെട്ടു.