ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ

Jaihind Webdesk
Friday, January 11, 2019

Alangad-Sangham-Pettathullal

ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ നടന്നു. ആകാശത്ത് ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറക്കുന്നതോടെ സമൂഹ പെരിയോൻ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘം പേട്ടതുള്ളൽ ആരംഭിച്ചു. ഉച്ചയ്ക്കുശേഷം ആലങ്ങാട്ട് സംഘവും  പേട്ടതുള്ളൽ നടത്തി.

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ എരുമേലി ശരണമന്ത്രങ്ങളാൽ മുഖരിതമായപ്പോൾ ഭഗവാൻ ശ്രീകൃഷ്ണന്റെ സാന്നിധ്യമറിയിച്ച്‌ ആകാശത്ത് കൃഷ്ണ പരുന്ത് വട്ടമിട്ടു പറന്നു. പേട്ടതുള്ളൽ ആരംഭിച്ചു.

സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ട തുള്ളിയത്.

ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പേട്ട തുള്ളിയെത്തിയ അമ്പലപ്പുഴ സംഘത്തിന് എരുമേലി നൈനാര്‍ പള്ളിയില്‍ ജമാആത്ത് ഭാരവാഹികള്‍ സ്വീകരണം നല്‍കി.മതസൗഹാര്‍ദ്ദത്തിന്റെയും ഭക്തിയുടേയും സംഗമം.

വാവരുടെ പ്രതിനിധിയായി ജമാഅത്ത് ഭാരവാഹി പേട്ടതുള്ളല്‍ സംഘത്തിനൊപ്പം വലിയ ധര്‍മ്മ ശാസ്താ ക്ഷേത്രം വരെ അനുഗമിച്ചു. അയ്യപ്പന്റെ പിതൃസ്ഥാനീയരായ ആലങ്ങാട്ട് സംഘം പെരിയോന്‍ അമ്പാടത്ത് വിജയകുമാറിന്റെ നേതൃത്വത്തിൽ ഉച്ചക്ക് ശേഷം പേട്ട തുള്ളി.
വാവരുടെ പ്രതിനിധി അമ്പലപ്പുഴ സംഘത്തിനൊപ്പം ശബരിമലയ്ക്ക് പോയെന്ന വിശ്വാസമുള്ളതിനാല്‍ ആലങ്ങാട് സംഘം വാവരു പള്ളിയില്‍ കയറില്ല. പേട്ട തുള്ളലിന് ശേഷം അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങള്‍ ശബരിമലയിലേക്ക് പുറപ്പെട്ടു.

വർഗീയകലാപങ്ങൾ നാടിൻറെ ശാപമാകുന്ന കാലത്ത് മതസൗഹാർദ്ദത്തിന്റെ മഹനീയ സന്ദേശമാണ് പേട്ടതുള്ളൽ നൽകുന്നത്.