വനിത പഞ്ചായത്ത് പ്രസിഡന്റിനുനേരെ സി.പി.എം നേതാക്കളുടെ കൈയേറ്റവും വധഭീഷണിയും

Jaihind Webdesk
Saturday, October 26, 2019

എരുമപ്പെട്ടി പഞ്ചായത്തിലെ മുരിങ്ങത്തേരി കോട്ടക്കുന്നില്‍ സര്‍വേ നടപടികള്‍ക്കെത്തിയ വനിതാ പഞ്ചായത്ത് പ്രസിഡന്റിനെയും സര്‍േവ ഉദ്യോഗസ്ഥരേയും സി.പി.എം നേതാക്കള്‍ തടഞ്ഞുവെയ്ക്കുകയും അക്രമിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍ വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന്‍ കുട്ടി എന്നിവരെയാണ് സി.പി.എമ്മുകാര്‍ കൈയേറ്റം ചെയ്തത്. ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ കേബിള്‍ ടി.വി കാമറമാന്‍ അഖിലിനു നേരേയും കൈയേറ്റമുണ്ടായി. അഖിലിനെ ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കോട്ടക്കുന്ന് പ്രദേശത്തെ പഞ്ചായത്ത് ഭൂമിയുടെ അതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ സര്‍വേ ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും രാവിലെ 10 മണി മുതല്‍ കോട്ടക്കുന്നിലെത്തിയിരുന്നു. വൈകീട്ട് ഇവര്‍ മടങ്ങിപ്പോകാന്‍ ശ്രമിക്കുമ്പോഴാണ് സി.പി.എം നേതാക്കള്‍ വന്ന് തടഞ്ഞത്. ഇവരെ കൊണ്ടു പോകാന്‍ വന്ന പഞ്ചായത്ത് വാഹനവും തടഞ്ഞിട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും ഇവര്‍ കൈയേറ്റം ചെയ്യുകയായിരുന്നു. ഒന്നര മണിക്കൂര്‍ നേരം അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും ബഹളമുണ്ടാക്കിയ സംഘം പൊലീസിനെ വിളിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ പിരിഞ്ഞു പോവുകയായിരുന്നു. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം കുട്ടഞ്ചേരി കുന്നത്ത് മനോജ്, കാങ്കലാത്ത് ഉണ്ണിക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൈയേറ്റ ശ്രമമുണ്ടായതെന്ന് കാണിച്ച് പ്രസിഡന്റ് മീന ശലമോന്‍ എരുമപ്പെട്ടി പൊലീസില്‍ പരാതി നല്‍കി