തടയണ പൊളിക്കാൻ നേതൃത്വം നൽകിയ ഏറനാട് തഹസിൽദാർ പി.ശുഭനെ സ്ഥലം മാറ്റി

Jaihind Webdesk
Saturday, June 22, 2019

പി.വി. അൻവർ എം.എൽ.എയുടെ തടയണ  പൊളിക്കാൻ നേതൃത്വം നൽകിയ ഏറനാട് തഹസിൽദാർ പി.ശുഭനെ സ്ഥലം മാറ്റി. ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള സ്വാഭാവിക സ്ഥലം മാറ്റമെന്നാണ്  വിശദീകരണം.അതേ സമയം തടയണ പൊളിക്കൽ  നീട്ടി കൊണ്ടു പോകാൻ ശ്രമം നടത്തുന്നുവെന്ന ആരോപണത്തിനിടെയാണ് സ്ഥലം മാറ്റം.

പരിസ്ഥിതിക്ക് വിഘാതം സൃഷ്ടിക്കുന്ന കക്കാടം പൊയിലിലെ തടയണ പൊളിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം നടപ്പാക്കാൻ നേതൃത്വം നൽകിയ ഏറനാട് തഹസിൽദാർ പി.ശുഭനാണ് സ്ഥലം മാറ്റം. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സ്വാഭാവിക സ്ഥലം മാറ്റമെന്നാണ് വിശദീകരണം.

കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു തടയണ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതിയുടെ വിധിയുണ്ടായത്.രണ്ടാഴ്ച്ചക്കം പൊളിക്കണമെന്നായിരുന്നു ഉത്തരവ്.വിധി  നടപ്പാക്കാത്തതിനെ തുടർന്ന് ജൂൺ പതിമൂന്നിന് കലക്ടറെ ഹൈക്കോടതി വിളിച്ചു വരുത്തിയിരുന്നു. രണ്ടാഴ്ച്ചത്തെ സമയമാണ് അന്ന് കലക്ടർ കോടതിയോട് ആവശ്യപ്പെട്ടത്. തുടർന്ന് കഴിഞ്ഞ ദിവസം  കലക്ടർ ദുരന്ത നിവാരണ സമിതി വിളിച്ചു ചേർത്തിരുന്നു. സബ്ബ് കലക്ടർ തടയണ സന്ദർശിച്ച് സ്ഥിതി വിലയിരുത്തുകയും ചെയ്തു. തുടർന്നാണ്  തഹസിൽദാർ പി.ശുഭൻറെ നേതൃത്വത്തിലുള്ള  റവന്യൂ സംഘം തടയണ പൊളിക്കാനുള്ള നടപടികൾ തുടങ്ങിയത്.

നിയമ സഭ നടക്കുന്നതിനാൽ തടയണ പൊളിക്കുന്നത് നീട്ടി കൊണ്ടു പോകാൻ സമ്മർദ്ദമുണ്ടായെന്നാണ് ലഭിക്കുന്ന സൂചന.. നിയമസഭാ പരിസ്ഥിതി സമിതിയിൽ അംഗമായ പി.വി അൻവറിനെ സമിതിയിൽ നിന്ന് മാറണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളും ലഭിച്ചിരുന്നു.