കണ്ണൂര്‍: സ്വന്തം പാര്‍ട്ടിയുടെ ആസ്ഥാനമന്ദിരത്തിനു നേരെ പടക്കമെറിഞ്ഞ സംഭവത്തിലെ പ്രതികളെ പിടികൂടില്ലെന്ന പ്രഖ്യാപനമാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ നടത്തിയിരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. സുകുമാരക്കുറുപ്പിനെ ഇത്രയും കാലമായി പിടിച്ചോ എന്ന മറുചോദ്യമാണ് ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് ചോദിച്ചത്. പാര്‍ട്ടി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ പിടിക്കാന്‍ പിണറായിയുടെ പോലീസിന് കഴിയില്ലെന്ന് കൃത്യമായി പറയുകയാണ് ഇതിലൂടെ ജയരാജന്‍ ചെയ്തിരിക്കുന്നത്. സ്വന്തം സര്‍ക്കാരിന്‍റെ കഴിവുകേട് ഇടതുമുന്നണി കണ്‍വീനര്‍ തന്നെ സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്നും മാർട്ടിന്‍ ജോർജ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെയും പാര്‍ട്ടിയേയും കടുത്ത പ്രതിരോധത്തിലാക്കിയ സ്വര്‍ണ്ണകടത്തടക്കമുള്ള ഗുരുതര വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഢാലോചനയാണ് മറ്റ് പാര്‍ട്ടി ഓഫീസുകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍. സിപിഎം ആസ്ഥാനമന്ദിരത്തിനു നേരെയുണ്ടായെന്ന് പറയുന്ന അക്രമം സിപിഎം തന്നെ ഉണ്ടാക്കിയ തിരക്കഥയാണ്. ഇക്കാര്യം കൃത്യമായി അറിയുന്നത് ഇ.പി ജയരാജനാണ്. അതുകൊണ്ടാണ് സുകുമാരക്കുറുപ്പിനെ പോലെ ഒരു കാലത്തും പിടിയിലാകില്ല പ്രതിയെന്ന് ജയരാജൻ പറയുന്നത്. എകെജി സെന്‍റർ ആക്രമണത്തിന്‍റെ മറപറ്റി സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ചതിന് സിപിഎം നേതൃത്വം സമാധാനം പറയണം. രാഷ്ട്രീയ സംഘര്‍ഷമുണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് സിപിഎം ഇപ്പോള്‍ ശ്രമിക്കുന്നത്. പാര്‍ട്ടി പ്രതിരോധത്തിലായ നാണംകെട്ട വിഷയങ്ങള്‍ അതോടെ തമസ്‌കരിക്കപ്പെടുമെന്ന കുടില ചിന്തയിലാണ് ഇത്തരം നീക്കങ്ങളെന്നും സമാധാനകാംക്ഷികളായ ജനങ്ങള്‍ ഈ ഗൂഢനീക്കങ്ങള്‍ കരുതിയിരിക്കണമെന്നും അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ച കേസുകളിലൊന്നും പ്രതികളെ പോലീസ് പിടികൂടാത്തത് അക്രമികളെ പ്രോത്സാഹിപ്പിക്കുകയാണ്. ഡിസിസി ഓഫീസിന് നേരെ കല്ലേറ് നടത്തിയ കേസില്‍ ഒരു മാസമായിട്ടും ആരെയും പിടികൂടിയിട്ടില്ല. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലവെട്ടിയ സംഭവത്തില്‍ എല്ലാ പ്രതികളേയും പിടികൂടിയിട്ടില്ല. പ്രതികളെ പോലീസ് പിടികൂടില്ലെന്ന സന്ദേശം ഇടതു കണ്‍വീനര്‍ തന്നെ നല്‍കുന്നത് ക്രിമിനലുകള്‍ക്കുള്ള പ്രോത്സാഹനമാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.