പ്രതികാര നടപടിക്ക് തുടക്കമിട്ട് മന്ത്രി ഇപി ജയരാജൻ. റിയാബ് ചെയർമാൻ സ്ഥാനത്തുനിന്നും ഡോ. സുകുമാരൻ നായരെ പുറത്താക്കി. റിയാബിലൂടെ അല്ലാതെ തന്‍റെ ബന്ധുവിനെ നിയമിച്ചതിനെ തുടർന്നാണ് ഇ.പി ജയരാജന് നേരത്തെ മന്ത്രി സ്ഥാനം രാജിവക്കേണ്ടി വന്നത്. ചെയർമാനെ പുറത്താക്കിയതോടെ പുതിയ വിവാദത്തിനാണ് വ്യവയായ വകുപ്പ് മന്ത്രി തുടക്കം കുറിച്ചിരിക്കുന്നത്.
ബന്ധുനിയമന വിവാദത്തെതുടർന്ന് മന്ത്രിസഭയിൽ നിന്നും പുറത്തുപോകേണ്ടിവന്ന ഇ പി ജയരാജൻ മന്ത്രിസഭയിൽ തിരിച്ചെത്തിയതോടെ പ്രതികാര നടപടികൾക്ക് തുടക്കമിട്ടു. വ്യാവസായിക പൊതുമേഖലാ സ്ഥാപനങ്ങളിൽ വൻ അഴിച്ചുപണിക്ക് തുടക്കമിടുന്നതിന്‍റെ മറപിടിച്ചാണ് ഇപി ജയരാജൻ പ്രതികാര നടപടി ആരംഭിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ മോണിറ്ററിംഗ് ചുമതലയുള്ള പബ്ലിക് റീ സ്‌ട്രെക്ചറിംഗ് ഇന്‍റേണൽ ഓഡിറ്റ് ബോർഡ് അഥവാ റിയാബിന്‍റെ ചെയർമാൻ സ്ഥാനത്തുനിന്നും ഡോ എംപി സുകുമാരൻ നായരെ നീക്കി. പകരം മുൻ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീമിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എൻ ശശിധരനെ റിയാബ് ചെയർമാനായി വ്യവസായ വകുപ്പ് നിയമിച്ചു. മിനിഞ്ഞാന്ന് ഉത്തരവിറങ്ങുകയും, ഇന്നലെ ചെയർമാനായി എൻ ശശിധരൻ ചുമതലയേൽക്കുകയും ചെയ്തു. റിയാബ് ചെയർമാൻ സ്ഥാനത്തുനിന്ന് മാത്രമല്ല, ചവറ കെ എം എം എൽ ചെയർമാൻ സ്ഥാനത്തുനിന്നുകൂടി മാറ്റിയാണ് ഇ പി ജയരാജൻ ഡോ എംപി സുകുമാരൻ നായർക്ക് മറുപടി നൽകിയത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനസംഘടനക്കായി സ്ഥാപിച്ച റിയാബിലൂടെയല്ലാതെ, ബന്ധുനിയമനം നടത്തിയതിനാണ് ഇപി ജയരാന് മന്ത്രി സ്ഥാനം രാജിവക്കേണ്ടി വന്നത്. പുറത്താക്കപ്പെട്ട ഡോ. എംപി സുകുമാരൻ നായർ ക്ലീൻ ട്രാക്ക് റെക്കാര്‍ഡും റിയാബ് ചെയർമാൻ സ്ഥാനത്തിന് വേണ്ട വിദ്യാഭ്യാസ യോഗ്യതയും ഉള്ള വ്യക്തിയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ആളെയാണ് മന്ത്രി പ്രതികാര ബുദ്ധിയോടെ റിയാബ്-കെഎംഎംഎൽ ചെയർമാൻ സ്ഥാനങ്ങളിൽ നിന്നും നീക്കിയത്. ഇ പി ജയരാജന് വ്യവസായവകുപ്പിന്‍റെ ചുമതല തിരികെ ലഭിച്ചതോടെ സുകുമാരൻനായരെ മാറ്റാൻ നടപടികൾ ആരംഭിച്ചിരുന്നു. ബന്ധു നിയമനത്തിൽ റിയാബിന്‍റെ ശുപാർശയില്ലാതെ നിയമനം നടത്തുകയും അത് വിവാദമാവുകയും ചെയ്തതോടെയാണ് മുമ്പ് ഇ പി ജയരാജൻ തെറ്റ് ഏറ്റുപറഞ്ഞ് മന്ത്രി സ്ഥാനം രാജിവച്ചത്. എന്തായാലും വീണ്ടും മന്ത്രിസ്ഥാനം ഏറ്റെടുത്തുള്ള രണ്ടാംവരവിൽ ദിവസങ്ങൾക്കകം തന്നെ, പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് മന്ത്രി ഇപി ജയരാജൻ.
https://youtu.be/HUOBjW8mcXw