‘സമരം ചെയ്യുന്നതെന്തിനെന്ന് അവരോട് ചോദിക്കണം’ ; പി.എസ്.സി ഉദ്യോഗാർത്ഥികൾക്കെതിരെ ഇ.പി ജയരാജൻ

Jaihind News Bureau
Tuesday, February 9, 2021

E.P-Jayarajan

കൊച്ചി : സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർത്ഥികൾക്കെതിരെ  മന്ത്രി ഇ. പി ജയരാജൻ. സമരം ചെയ്യുന്നത് എന്തിനെന്ന് അവരോട് തന്നെ ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പി.എസ്.സി ഉദ്യോഗ്യാർത്ഥികളെ സമരക്കാർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. സ്ഥിരപ്പെടുത്താൻ തീരുമാനിച്ച താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാനാകില്ല. അവർക്ക് കുടുംബവും കുട്ടികളും ഉണ്ട്. അവരെ സ്ഥിരപ്പെടുത്തുകയല്ലാതെ വേറെ നിവൃത്തിയില്ല. എല്ലാവർക്കും തൊഴിൽ നൽകുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. ശബരിമല വിഷയത്തിൽ സമയമാകുമ്പോൾ പ്രതികരിക്കാം എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയിരുന്നു. സമരം പ്രതിപക്ഷം ഇളക്കിവിടുന്നതാണെന്ന് പറഞ്ഞ അദ്ദേഹം പ്രതിഷേധിക്കുന്ന സംഘടനകള്‍ക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും എല്ലാവര്‍ക്കും ജോലി നല്‍കാനാവില്ലെന്നും പറഞ്ഞു.

തോമസ് ഐസക്കിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഐസക്കിന് സമരങ്ങളോട് അലര്‍ജിയും പുച്ഛവുമാണെന്നും ഭരണം തലയ്ക്ക് പിടിച്ചതുകൊണ്ടാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമരജീവികളെന്ന് വിളിക്കുന്ന മോദിയും ഐസക്കും തമ്മില്‍ എന്താണ് വ്യത്യാസമെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം ചെറുപ്പക്കാരെ ഇളക്കിവിടുന്നതാണെന്ന് പറയുന്നത് ജല്‍പനമാണ്. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റേത് ന്യായമായ സമരമായതിനാല്‍ യുഡിഎഫ് പിന്തുണയ്ക്കുമെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.