പരിസ്ഥിതിക്കും ആവാസ വ്യവസ്ഥക്കും ഭീഷണി; പാരിസ്ഥിതികാഘാത പഠനം 2020 കരട് പിൻവലിക്കണം : എം പി പ്രധാനമന്ത്രിക്കും പരിസ്ഥിതി വനം വകുപ്പ് മന്ത്രിക്കും ടി എൻ പ്രതാപൻ എം പിയുടെ കത്ത്

Jaihind News Bureau
Tuesday, August 11, 2020

തൃശ്ശൂർ: പരിസ്ഥിതി ആഘാത പഠനം 2020 കരട് പരിസ്ഥിതിക്കും ആവാസ വ്യവസ്ഥക്കും വലിയ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ടി എൻ പ്രതാപൻ എം പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പരിസ്ഥിതി വനം വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കർക്കും കത്തയച്ചു.

രാജ്യാന്തര തലത്തിൽ നിലനിൽക്കുന്ന പരിസ്ഥിതി സംരക്ഷണ യജ്ഞങ്ങളോടുള്ള നഗ്നമായ ലംഘനമാണ് പുതിയ ഇ ഐ എ കരട്. പ്രകൃതിയെ അമ്മയെ പോലെ കരുതുന്ന ഭാരതീയ പൈതൃകത്തിനും ഈ നിലപാട് എതിരാണ്. നൈമിഷികമായ ലാഭത്തിന് പ്രകൃതിയെയും ആവാസ വ്യവസ്ഥയെയും കുരുതി കൊടുക്കുന്നത് അംഗീകരിക്കാനാവില്ല എന്നും ടി എൻ പ്രതാപൻ കത്തിൽ പറയുന്നു.

1972 സ്റ്റോക്ഹോം ഉച്ചകോടി മുതൽ 1986 ലെ പരിസ്ഥിതി നിയമം അടക്കം അനവധി പരിസ്ഥിതി സംരക്ഷണ സൗഹൃദ നയങ്ങളിലൂടെയാണ് ഇന്ത്യ കടന്നു വന്നിട്ടുള്ളത്. 1994 ൽ ചിട്ടപ്പെടുത്തിയ, 2006ൽ പുനഃസംഘടിപ്പിച്ച പാരിസ്ഥിതിക ആഘാത പഠനം ഇന്ത്യയുടെ പരിസ്ഥിതി മേഖലയുടെ നിർണ്ണായകമായ കാവലാണ്. അത് ദുർബലപ്പെടുത്തുന്നത് വിനാശകരമായ ഭാവി ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്നും പ്രതാപൻ ചൂണ്ടിക്കാണിക്കുന്നു.

നിലവിലുള്ള സാമ്പത്തിക മാന്ദ്യം മറികടക്കാൻ കോർപറേറ്റ് മുതലാളിത്ത താല്പര്യങ്ങൾക്ക് കുടപിടിക്കാമെന്ന് കരുതുന്നത് ആത്മഹത്യാപരമാണ്. ചൂഷക വ്യവസ്ഥിതിയെ പ്രോത്സാഹിപ്പിക്കാനുള്ള ഈ നീക്കം മണ്ണും വായുവും ജലാശയവും വിഷമയമാക്കും. ലോകത്തിലേറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങൾ ഇന്ത്യയിലാണ്. ഏറെ കൊട്ടിഘോഷിക്കുന്ന സ്വച്ഛ് ഭാരത് മിഷനെല്ലാം വെറും പൊള്ളയായാ മേനി പറച്ചിലാണെന്ന് ഇത്തരം വസ്തുതകളും നയങ്ങളും വ്യക്തമാക്കുന്നതായി ടി എൻ പ്രതാപൻ കുറ്റപ്പെടുത്തുന്നു.

ഇ ഐ എ 2020 കരടിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളുയരുമ്പോൾ പരാതികൾ ബോധിപ്പിക്കാനും ആശങ്കകൾ അറിയിക്കാനും മറ്റുമായി കേന്ദ്ര സർക്കാർ പൊതുജനങ്ങൾക്ക് അനുവദിച്ചിട്ടുള്ള സമയം ഈ മാസം 20 വരെ നീട്ടണമെന്നും ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു.