കൊവിഡ് പ്രതിരോധത്തിനുള്ള സന്നദ്ധസേനയില്‍ നാടിനുവേണ്ടി അണിചേരാന്‍ മുഴുവന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുമുണ്ടാകും : എന്‍.എസ് നുസൂർ

Jaihind News Bureau
Friday, March 27, 2020

കൊവിഡ് സന്നദ്ധ പ്രവർത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി മുന്നോട്ടുവെച്ച യുവസന്നദ്ധ സേന എന്ന ആശയത്തെ സ്വാഗതം ചെയ്യുന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.എസ് നുസൂർ. കൊവിഡ് എന്ന മഹാമാരിയെ ചെറുക്കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് മുന്നില്‍ത്തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ടാകും. സന്നദ്ധസേനയിലേക്ക് യൂത്ത് കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷം പേരും രജിസ്റ്റര്‍ ചെയ്യുമെന്നും നുസൂര്‍ പറഞ്ഞു. അതേസമയം സേനയെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇതിന് അനുവദിക്കരുതെന്നും നുസൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ലോകം മുഴുവന്‍ ഭയക്കുന്ന ഈ മഹാവിപത്തിനെ നേരിടാനുള്ള പോരാട്ടങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് മുന്‍നിരയില്‍ തന്നെയുണ്ടാകും. സന്നദ്ധ സേനയില്‍ അംഗമാകാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെല്ലാം തയാറാകണമെന്ന് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലും ആഹ്വാനം ചെയ്തിട്ടുണ്ട്.

വൈറസിനെതിരായ ഈ യുദ്ധത്തില്‍ പങ്കാളികളാകാന്‍ ജീവന്‍ പോലും തൃണവത്ഗണിച്ചാണ് പ്രവര്‍ത്തകർ മുന്നോട്ടുവരുന്നത്. എല്ലാ രാഷ്ട്രീയ അരാഷ്ട്രീയ സ്വഭാവമുള്ള ചെറുപ്പക്കാരെയും അവരുടെ സാമൂഹ്യബോധം പരിഗണിച്ചു കൊണ്ട് സേനയിൽ ഉൾപ്പെടുത്താന്‍ തയാറാകണം. നാടിന്‍റെയും ജനങ്ങളുടെയും നന്മക്കായി ഈ സംരംഭം വിജയിപ്പിക്കേണ്ടതുണ്ട്. ജാഗ്രതാ സമിതികൾ ഉണ്ടാക്കാൻ പറഞ്ഞപ്പോൾ പല സ്ഥലങ്ങളിലും രാഷ്ട്രീയം നോക്കി ആളുകളെ വെക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അതിനുള്ള അവസരമല്ല ഇതെന്നും സന്നദ്ധസേനയെ രാഷ്ട്രീയവത്ക്കരിക്കാന്‍ അനുവദിക്കരുതെന്നും നുസൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

എന്‍.എസ് നുസൂറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

“പ്രിയപ്പെട്ട മുഖ്യമന്ത്രി,

ഈ പ്രധിസന്ധിയും നമ്മൾ ഒറ്റക്കെട്ടായി അതിജീവിക്കും. കാരണം കേരള ജനതയ്ക്ക് ഒരുവിപത്ത് വന്നാൽ ഒരുമിച്ച് നിന്ന് നേരിടാനുള്ള ആത്മവിശ്വാസവും കരുത്തും ഉണ്ട്. ഇതുവരെയും സംസ്ഥാന ഗവണ്മെന്റ് ചെയ്ത നല്ല കാര്യങ്ങളിൽ രാഷ്ട്രീയം നോക്കിയിട്ടില്ല. അതിന് പറ്റിയ സന്ദർഭവും അല്ല. ലോകം മുഴുവൻ വലിയ പ്രതിസന്ധിയിലാണ്. ശാസ്ത്രലോകവും അടിയറവ് പറഞ്ഞിരിക്കുന്നു. ഇപ്പോൾ ജാതിയോ മതമോ പൗരത്വമോ ആരും നോക്കുന്നില്ല. മനുഷ്യന്റെ ജീവന് വേണ്ടിയുള്ള പ്രാർത്ഥനകൾ മാത്രം. കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ പറയുന്നത് അനുസരിക്കുന്ന കുട്ടികളായി ഇന്ത്യൻ ജനത മാറി. കാരണം നമ്മുടെ രാജ്യത്തിന്റെ വളർച്ചയെപ്പറ്റി എല്ലാകാലത്തും ബോധ്യമുള്ളവരാണ് ഓരോ ഇന്ത്യക്കാരും.
ഈ പ്രതിസന്ധിഘട്ടത്തിലും യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ വളരെ സജീവമായി രംഗത്തുണ്ട്. ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കുന്നതിൽ, മാസ്കും സാനിറ്റൈസറും ജനങ്ങളിൽ എത്തിക്കുന്നതിൽ, ഭക്ഷണപ്പൊതികൾ, പലവ്യഞ്ജനങ്ങളും എല്ലാം ആവശ്യക്കാർക്ക് എത്തിക്കുന്നതിൽ, ഹെല്പ് ലൈൻ നമ്പർ എല്ലാ പഞ്ചായത്തടിസ്ഥാനത്തിലും പുറത്തുവിട്ടു ആളുകളെ സഹായിക്കുകയാണ്. നമ്മുടെ പ്രവർത്തകർ ചിലപ്പോൾ പുറത്ത് പോകുമ്പോൾ പോലീസ് കൈ കാണിക്കാറുണ്ട്. കാരണം പറയുമ്പോൾ, ഈ കാര്യങ്ങൾ കേൾക്കുമ്പോൾ പോലീസ് നമ്മുടെ പ്രവർത്തനങ്ങളെ തടഞ്ഞിട്ടില്ല.ഒരിടത്തും ഒരു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനും പോലീസുമായി അഭിപ്രായവ്യത്യാസം ഉണ്ടായ വർത്തപോലും അങ്ങയുടെ ശ്രദ്ധയിൽ പെട്ടില്ലല്ലോ?. കാരണം ഈ സാഹചര്യത്തെപ്പറ്റി നമ്മുടെ പ്രവർത്തകർക്ക് ബോധ്യമുണ്ട്.

അങ്ങ് ഇന്ന് പറഞ്ഞ യുവജന സന്നദ്ധ സേനയെ സ്വാഗതം ചെയ്യുന്നു. കേരളത്തിലെ ബഹുപൂരിപക്ഷം യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും അതിലേക്കു രജിസ്റ്റർ ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എല്ലാ പ്രവർത്തകരോടും ഈ സേനയിൽ അംഗമാകാൻ ആഹ്വാനം ചെയ്തു കഴിഞ്ഞു. ഈ യൂദ്ധം വൈറസ്സിനോടാണ്. സ്വന്തം ആരോഗ്യത്തെ തൃണവല്ഗണിച്ചാണ്‌ ഓരോ ചെറുപ്പക്കാരും ഇതിൽ അംഗമാകുന്നത്. കാരണം നമ്മുടെ നാടിനുവേണ്ടി,നമ്മുടെ നാട്ടുകാർക്ക്‌ വേണ്ടി. ദയവു ചെയ്ത് ഈ സേനയെ രാഷ്ട്രീയവൽക്കരിക്കാൻ അങ്ങ് അനുവദിക്കരുത്. എല്ലാ രാഷ്ട്രീയ അരാഷ്ട്രീയ സ്വഭാവമുള്ള ചെറുപ്പക്കാരെയും അവരുടെ സാമൂഹ്യബോധം പരിഗണിച്ചു കൊണ്ട് സേനയിൽ ഉൾപ്പെടുത്തുകയും നാടിന്റെ നന്മക്കായി ഈ സംരംഭം വിജയിപ്പിക്കാനും ശ്രമിക്കണം. ജാഗ്രത സമിതികൾ ഉണ്ടാക്കാൻ പറഞ്ഞപ്പോൾ പല സ്ഥലങ്ങളിലും രാഷ്ട്രീയം നോക്കി ആളുകളെ വക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അതിനുള്ള അവസരമല്ല ഇത്. യൂത്ത് കമ്മീഷൻ നൽകുന്ന വോളിന്‍റിയർമാർ ആരാണെന്നു പരിശോധിച്ചാൽ മനസിലാകും. അതുകൊണ്ടാണ് ഈ സംരംഭത്തെ അത്തരത്തിൽ ഒരു ഏജൻസി ആക്കി മാറ്റരുതെന്നു പറയുന്നത്.

ഈ യുദ്ധം ജയിക്കാനുള്ള സേനയ്ക്ക് ആത്മാർഥമായി കേരളത്തിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെയും നേതാക്കളുടെയും പിന്തുണ ഉണ്ടാകും എന്ന് അറിയിക്കുന്നു”

എന്ന്
എൻ.എസ് നുസൂർ
സംസ്ഥാന വൈസ് പ്രസിഡന്‍റ്
യൂത്ത് കോൺഗ്രസ്

teevandi enkile ennodu para