ദുരിതാശ്വാസ നിധിയില്‍ സുതാര്യത ഉറപ്പാക്കണം; വഖഫ് ഭേദഗതി ബില്ലിന് പിന്നില്‍ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ധ്രുവീകരണനീക്കം; കെ.സി. വേണുഗോപാല്‍ എംപി

 

ന്യൂ ഡൽഹി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ സുതാര്യത ഉറപ്പാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന ദുരിതാശ്വാസ നിധിയിലെ ഫണ്ട് വയനാടിന്‍റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിത്തന്നെ പൂര്‍ണമായും ഉപയോഗിക്കണം. അതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.

“ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ സുതാര്യത ഉറപ്പാക്കണം. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ആമുഖമായി ഉയര്‍ന്ന പ്രസ്താവനകളില്‍ തെറ്റില്ല. കാരണം അങ്ങനെയൊരു പശ്ചാത്തലം മുമ്പ് ഉണ്ടായിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ആരെങ്കിലും ആശങ്ക പ്രകടിപ്പിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. ദുരിതാശ്വാസ നിധിയിലെ ഫണ്ട് വിനിയോഗത്തില്‍ അത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതെ നോക്കണം” – കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു.

വഖഫ് ബില്‍ ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിയാന, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് തിരഞ്ഞെടുപ്പുകളെ ലക്ഷ്യം വെച്ചുള്ള ധ്രുവീകരണ നീക്കമാണ് വഖഫ് ബില്‍ ഭേദഗതി നീക്കത്തിന് പിന്നില്‍. കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പ്രയോഗിച്ച തന്ത്രത്തിന്‍റെ ആവര്‍ത്തനം മാത്രമാണിതെന്നും കെ.സി. വേണുഗോപാല്‍ എംപി ചൂണ്ടിക്കാട്ടി.

Comments (0)
Add Comment