തിരുവനന്തപുരം : പി.എസ്.സി നിയമനങ്ങൾക്ക് സുതാര്യത ഉറപ്പാക്കുമെന്ന് ശശി തരൂർ എം.പി. പി.എസ്.സി നിയമനങ്ങളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് ഓട്ടോമേറ്റഡ് സംവിധാനം നടപ്പിലാക്കും. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ വിദ്യാഭ്യാസ മേഖലയെ നവീകരിക്കാൻ എജ്യുക്കേഷന്‍ റിഫോംസ് കമ്മിറ്റി രൂപീകരിക്കുമെന്നും ശശി തരൂർ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. വിദേശ നിക്ഷേപം ആകർഷിക്കാൻ
നിക്ഷേപക സംരക്ഷണ നിയമം കൊണ്ടുവരും. ഹര്‍ത്താല്‍ നിരോധിക്കും. ലോകോത്തര കേരളം സൃഷ്ടിക്കാനുള്ള രൂപരേഖയാണ് യു.ഡി.എഫിൻ്റെ ജനകീയ പ്രകടന പത്രിക.
കേരളത്തില്‍ ലവ് ജിഹാദില്ല. ബിജെപിക്ക് എത്ര ലവ് ജിഹാദ് കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു? ഇത് വര്‍ഗീയതക്ക് വേണ്ടിയുള്ള പ്രചരണം മാത്രമാണ്. ഈ വിഷയത്തില്‍ മലയാളികള്‍ വീണുപോകരുത്. വര്‍ഗീയമായി നാടിനെ വിഭജിക്കുന്ന പ്രചാരണ തന്ത്രമാണിത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വര്‍ഗീയ പ്രചാരണത്തെ
തള്ളിക്കളയണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ മുഖ്യശത്രു ബിജെപിയാണ്. കേരളത്തില്‍ പ്രധാന എതിരാളി എല്‍ഡിഎഫ് തന്നെ. നേമത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. നേമം തിരിച്ചുപിടിക്കാനാണ് മുതിര്‍ന്ന നേതാവ് കെ. മുരളീധരനെ തന്നെ കോണ്‍ഗ്രസ് നിര്‍ത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു.
വ്യാജ വോട്ട് കണ്ടെത്തിയതാണോ അത് കണ്ടെത്താന്‍ നടത്തിയ മാര്‍ഗമാണോ പാപമെന്ന് ശശി തരൂർ ചോദിച്ചു. തുറമുഖത്ത് കാണുന്ന കപ്പല്‍ എണ്ണിയാല്‍ പോര കാറ്റ് എങ്ങോട്ടാണ് എന്നതു കൂടി നോക്കണം. കാറ്റ് യുഡിഎഫിന് അനുകൂലമാണെന്നും ശശി തരൂർ പറഞ്ഞു. യു.ഡി.എഫ് പ്രകടന പത്രികയുടെ ഗാനവും അദ്ദേഹം റിലീസ് ചെയ്തു.