മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള കർമ്മ പദ്ധതി തയ്യാറായി; എഞ്ചിനീയർമാരുടെ യോഗം ഇന്ന് കൊച്ചിയിൽ

Jaihind News Bureau
Friday, September 27, 2019

സുപ്രീം കോടതി പൊളിച്ച് മാറ്റാൻ നിർദ്ദേശിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാൻ സർക്കാർ കർമ്മ പദ്ധതി തയ്യാറാക്കി. ഇതിനായുള്ള എഞ്ചിനീയർമാരുടെ യോഗം ഇന്ന് കൊച്ചിയിൽ നടക്കും. അതോടൊപ്പം ഫ്ലാറ്റുകൾ പൊളിച്ച് നീക്കാൻ ടെണ്ടർ സമർപ്പിച്ച 15 കമ്പനികളുമായും ഇന്ന് ചർച്ച നടത്തുന്നുണ്ട്.

അതേസമയം, വെള്ളവും വൈദ്യുതിയും നിലച്ചതോടെ റാന്തല്‍ വിളക്കുകളുമേന്തിയായിരുന്നു മരടിലെ ഫ്ലാറ്റ് ഉടമകള്‍ ഇന്നലെ പ്രതിഷേധം രേഖപ്പെടുത്തിയത്. വൈകിട്ട് റാന്തല്‍ വിളക്കുകളും പന്തങ്ങളുമേന്തി ഫ്ലാറ്റ് ഉടമകള്‍ പ്രതിഷേധിച്ചു. സ്ത്രീകളും കുട്ടികളും ഹോളിഫെയ്ത് ഫ്ലാറ്റ് സമുച്ചയത്തിന്‍റെ താഴത്തെ നിലയില്‍ റാന്തല്‍വിളക്കുകളുമായി പ്രതിഷേധിച്ചപ്പോള്‍ ഫ്ലാറ്റ് സമുച്ചയത്തിന്‍റെ മുഴുവന്‍ നിലയിലും കയ്യില്‍ പന്തങ്ങളുമേന്തിയാണു പുരുഷന്‍മാര്‍ നിലയുറപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് മരടിലെ ഫ്ലാറ്റ് സമുച്ചയത്തിലെ വൈദ്യുതി വിതരണം പൂര്‍ണമായും വിഛേദിച്ചത്.

ഫ്ലാറ്റുകള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ഊര്‍ജിതമാക്കിയതിനാല്‍ പ്രതിഷേധം ശക്തമാക്കാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം.