ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ്

Jaihind News Bureau
Saturday, October 31, 2020

ബംഗളുരു : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ലഹരിമരുന്ന് കേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരിക്കുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിനോട് ബിനീഷ് സഹകരിക്കുന്നില്ലെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ പറയുന്നത്.

ഇന്നലെ പതിനൊന്ന് മണിക്കൂറാണ് ഇ.ഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്. ബിനീഷിന്‍റെ നിസഹകരണം കാരണമാണ് ചോദ്യം ചെയ്യല്‍ നീളുന്നതെന്ന്  അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. മയക്കുമരുന്ന് ഇടപാടിൽ ബിനീഷിന് അറിവുണ്ടെന്ന് തെളിഞ്ഞാൽ നർകോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയെ വിവരം അറിയിക്കുമെന്ന് ഇ.ഡി അറിയിച്ചു.

ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്‍റെ മൊഴിയാണ് ബിനീഷിനെ കുടുക്കിയത്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് എൻഫോഴ്സ്മെന്‍റിന് നൽകിയ മൊഴിയാണ്ബിനീഷിനെതിരായ തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലിൽ വെച്ച് നടന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ. കമ്മനഹള്ളിയിൽ ഹയാത്ത് എന്ന ഹോട്ടൽ തുടങ്ങാൻ ബിനീഷ് പണം നൽകിയെന്നാണ് അനൂപിന്‍റെ മൊഴി. ചോദ്യംചെയ്യലില്‍ ഇക്കാര്യം ബിനീഷും സമ്മതിച്ചിരുന്നു. ഈ ഹോട്ടലിന്‍റെ മറവിലാണ് ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.