കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സ്വത്തുവിവരങ്ങള്‍ കൈമാറാന്‍ സി പി എം സംസ്ഥാന കമ്മിറ്റിയംഗം എംകെ കണ്ണന് ഇഡി അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. ആദായ നികുതി രേഖകള്‍, സ്യയാര്‍ജിത സ്വത്തുക്കള്‍, കുടുംബാഗങ്ങളുടെ ആസ്തി വകകള്‍ എന്നിവയെല്ലാം അറിയിക്കാനാണ് നിര്‍ദേശം. മുന്പ് രണ്ട് തവണ എം കെ കണ്ണനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കൊണ്ടുവന്നില്ല. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കില്‍ ശക്തമായ നടപടികളുണ്ടാകുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ പറയുന്നത്. കരുവന്നൂരിലെ കളളപ്പണ ഇടപാടില്‍ എം കെ കണ്ണന് ഏതെങ്കിലും വിധത്തിലുളള പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമാണ് സി പി എം നേതാവായ എം കെ കണ്ണന്‍. കരുവന്നൂരിലെ തട്ടിപ്പില്‍ ബന്ധമുണ്ടെന്ന സംശയത്തിലാണ് കരുവന്നൂര്‍ കള്ളപ്പണയിടപാടുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രറേറ്റ് കണ്ണനേയും നോട്ടമിട്ടത്. എം കെ കണ്ണന്‍ പ്രസിഡന്റായി തുടരുന്ന തൃശൂര്‍ കോ -ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്. കോടികളുടെ ഇടപാട് രേഖകള്‍ ഈ ബാങ്കില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയിഡില്‍ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ തേടാന്‍ കണ്ണനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് സ്വത്ത് വിവരം ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
അതേസമയം കരുവന്നൂര്‍ കള്ളപ്പണയിടപാട് കേസില്‍ സി പി എം കൗണ്‍സിലര്‍ മധു അമ്പലപുരം ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഇന്നലെ എത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് മധു ഹാജരായത്. എന്നാല്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ ഡി ആവശ്യപ്പെട്ട യെസ്ഡി ജ്വല്ലറി ഉടമ സുനില്‍കുമാര്‍ ഇതുവരെയും ഹാജരായിട്ടില്ല. രണ്ട് ദിവസം ഇഡി നോട്ടീസ് നല്‍കിയിട്ടും സുനില്‍കുമാര്‍ ഹാജരായില്ല. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ സുനില്‍കുമാര്‍ ചികിത്സ തേടിയതായാണ് വിവരം.