സ്വർണ്ണക്കടത്തിൽ എൻഫോഴ്‌സ്‌മെന്‍റ് അന്വേഷണം കസ്റ്റംസ് ഉദ്യോഗസ്ഥരിലേക്കും; സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ എൻ.ഐ.എ ഓഫീസിലെത്തി വിശദീകരണം നൽകും

Jaihind News Bureau
Wednesday, August 19, 2020

 

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരിലേക്ക് നീങ്ങുന്നു. അതേസമയം സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ഇന്ന് കൊച്ചി എൻ.ഐ.എ ഓഫീസിൽ നേരിട്ടെത്തി വിശദീകരണം നൽകും.

സ്വർണ്ണക്കടത്ത് കേസിൽ ഉന്നതരുടെ സഹായം സ്വപ്ന സുരേഷ് അടക്കമുള്ളവർക്ക് ലഭിച്ചിട്ടുണ്ടെന്നും സഹായം നൽകിയവർക്ക് പ്രതിഫലം കിട്ടിയിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചതോടെയാണ് അന്വേഷണം കസ്റ്റംസ് ഉദ്യോഗസ്ഥർ അടക്കമുള്ളവരിലേക്ക് നീങ്ങുന്നത്. ആരെല്ലാമാണ് സ്വർണ്ണക്കടത്തിന് കൂട്ട് നിന്നത് ആർക്കെല്ലാം പ്രതിഫലം ലഭിച്ചു എന്നതിനെ കുറിച്ച് സ്വപ്ന അടക്കമുള്ള പ്രതികൾ എൻഫോഴ്‌സ്‌മെന്‍റിനോട് വെളിപ്പെടുത്തിയതായാണ് സൂചന. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിൽ ഇ.ഡി എത്തിയത്.കൂടാതെ നിലവിൽ റിമാന്‍റിൽ കഴിയുന്ന റമീസിനെ എൻഫോഴ്‌സ്‌മെന്‍റ് കസ്റ്റഡിയിൽ വാങ്ങും. എൻഫോഴ്‌സ്‌മെന്‍റ് രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് റമീസ്. 7 ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് എൻഫോഴ്‌സ്‌മെന്‍റ് തീരുമാനം.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് റമീസാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. റമീസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ സ്വർണ്ണക്കടത്തിന് സഹായം നൽകിയ ഏതെല്ലാം ഉദ്യോഗസ്ഥർക്ക് പ്രതിഫലം നൽകിയിട്ടുണ്ട് എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയുമെന്നാണ് എൻഫോഴ്‌സ്‌മെന്‍റ് കരുതുന്നത്.

അതേസമയം കഴിഞ്ഞ 2 വർഷത്തിനിടെ സർക്കാറിന്‍റെ അറിവോടെ നയതന്ത്ര ചാനൽ വഴി നടന്ന ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളാണ് എൻ.ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പ്രോട്ടോകോൾ ഓഫീസർ എൻ.ഐ.എ ഉദ്യോഗസ്ഥരോട് വ്യക്തമാക്കും. ഇന്നലെ കസ്റ്റംസിന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രോട്ടോകോൾ ഓഫീസർ എൻ.ഐ.എ ഓഫീസിൽ നേരിട്ട് എത്തുന്നത്. എന്നാൽ നേരത്തെ ചുമതലയിൽ ഉണ്ടായിരുന്ന പ്രോട്ടോകോൾ ഓഫീസർ പല തെളിവുകളും നശിപ്പിച്ചതായി ആരോപണം ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്.