എം ശിവശങ്കറിന് സ്വർണ്ണക്കടത്തിൽ സജീവ പങ്കാളിത്തമുണ്ടെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്

Jaihind News Bureau
Friday, October 23, 2020

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സ്വർണ്ണക്കടത്തിൽ സജീവ പങ്കാളിത്തമുണ്ടെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്.
സ്വപ്നയെ മറയാക്കി ശിവശങ്കർ തന്നെയാകാം സ്വർണ്ണക്കടത്ത് നിയന്ത്രിച്ചിരുന്നത്. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതിന് തെളിവുണ്ടെന്നും ഇ.ഡി ഹൈക്കോടതിയിൽ പറഞ്ഞു. മുൻകൂർജാമ്യ ഹർജി വിധി പറയാൻ ഹൈകോടതി സിംഗിൾ ബഞ്ച് 28 ലേക്ക് മാറ്റി.

സ്വർണക്കടത്തിൽ എം. ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അതിനാൽ ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു. ശിവശങ്കർ വൻസ്വാധീനമുള്ള ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതപദവി സ്വർണക്കടത്തുകാരെ സഹായിക്കാൻ ശിവശങ്കർ ഉപയോഗിച്ചെന്നും ഇ.ഡി കോടതിയെ അറിയിച്ചു. അന്വേഷണത്തിൽ ശിവശങ്കറിന്‍റെ ഭാഗത്ത് നിന്നും പൂർണമായ നിസകരണമാണ് ഉണ്ടാകുന്നത്. വാട്സ്ആപ്പ് മെസ്സേജുകളെ കുറിച്ചുള്ള പല ചോദ്യങ്ങൾക്കും മറുപടിയില്ല.

അന്വേഷണത്തെ വഴി തെറ്റിക്കാൻ ശിവശങ്കർ ശ്രമിക്കുകയാണ്. ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് കാർഗോ ക്ലിയർ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ തെളിവുകളുണ്ട്. ചാർട്ടേഡ് അക്കൗണ്ടൻ്റിന് ലോക്കറിൽ സൂക്ഷിക്കാൻ ശിവശങ്കർ നൽകിയ 30 ലക്ഷം രൂപ സ്വർണ്ണക്കടത്തിൻ്റെ കമ്മീഷനാണ്.

ശിവശങ്കറിന് സ്വർണക്കടത്തിൽ സജീവ പങ്കാളിത്തമുണ്ടെന്നും ഇ.ഡി വാദിച്ചു. കേസിൽ ശിവശങ്കറിനെതിരായ തെളിവുകൾ മുദ്രവച്ച കവറിൽ ഇ. ഡി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെയാണ് സ്വർണക്കടത്ത് നടന്നതെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. സ്വപ്ന വെറും കരു മാത്രമാകാമെന്നും പ്രധാന ആസൂത്രകൻ ശിവശങ്കറാകാമെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ഇഡി പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയെ കസ്റ്റംസും കോടതിയിൽ എതിർത്തു. അതിനിടെ, കള്ളപ്പണം വെളുപ്പിക്കുന്നതിന് താൻ സഹായിച്ചിട്ടില്ലെന്നും, സമൂഹത്തിൽ തന്നെ ഒറ്റപ്പെടുത്തിയെന്നും ശിവശങ്കർ കോടതിയിൽ പറഞ്ഞു. ഇതോടെ എം ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഈ മാസം 28ന് ഹർജിയിൽ വിധി പറയുമെന്ന് ഹൈക്കോടതി അറിയിച്ചു. അതു വരെ ശിവശങ്കറിൻ്റെ അറസ്റ്റ് പാടില്ലെന്നും കോടതി അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചു.