എം.ശിവശങ്കറിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും; നാല് മണിക്ക് കൊച്ചിയിലെത്താന്‍ നിർദേശം

Jaihind News Bureau
Saturday, August 15, 2020

 

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ശിവശങ്കറിനോട് എറണാകുളത്തെ ഇ.ഡി ഓഫീസില്‍  വൈകിട്ട് നാല് മണിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി. നേരത്തേ എന്‍ഐഎയും കസ്റ്റംസും ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനേയും  3 ദിവസമായി 20 മണിക്കൂർ ഇ ഡി ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെ ദുരൂഹ വ്യക്തിത്വത്തെ കുറിച്ച് എം ശിവശങ്കറിന് നല്ല ധാരണയുണ്ടെന്ന് സ്വപ്നയുടെ മൊഴിയിൽ ബോധ്യമായെന്നും ഇ.ഡി കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി. സ്വപ്നയും എം ശിവശങ്കറും യുഎഇയിൽ വച്ചും കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്.

പ്രളയ ഫണ്ട് ശേഖരണത്തിനായി വിദേശത്ത് പോയപ്പോഴായിരുന്നു കൂടിക്കാഴ്ച്ച. 2018 ഒക്ടോബർ 17 നും 21 നും മധ്യേയായിരുന്നു കുടിക്കാഴ്ച്ചയെന്നും ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്നയുടെത് ദുരൂഹ വ്യക്തിത്വമെന്ന് എം. ശിവശങ്കറിന് അറിയാമായിരുന്നുവെന്നും ഇ.ഡി വ്യക്തമാക്കി.