സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ഉന്നത ബന്ധമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്; സ്വപ്ന, സരിത്ത് , സന്ദീപ് എന്നിവരുടെ കസ്റ്റഡി 4 ദിവസം കൂടി നീട്ടി

Jaihind News Bureau
Tuesday, August 11, 2020

സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ഉന്നത ബന്ധമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇതേ കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും എൻഫോഴ്സ്മെന്‍റ് വ്യക്തമാക്കി. സ്വർണക്കടത്തു കേസിൽ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ നാലു ദിവസംകൂടി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിൽ വിട്ടു.

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടക്കമുള്ളവരുമായുള്ള ബന്ധത്തെ കുറിച്ച് പ്രതികൾ തന്നെ സമ്മതിച്ചിട്ടുണ്ട്. ഈ മൊഴി സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും എൻഫോഴ്‌സ്‌മെന്‍റ് ആവശ്യപ്പെട്ടു. സ്വർണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമാണെന്നും കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുണ്ടെന്നുമാണ് അന്വേഷണ ഏജൻസിയുടെ നിലപാട്.

ഒരു വർഷത്തിനിടെ നൂറുകോടി രൂപയുടെ ഇടപാട് പ്രതികൾ നടത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കവെയാണ് എൻഫോഴ്സ്മെന്‍റ് നിലപാട് വ്യക്തമാക്കിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സ്വപ്ന ഉൾപ്പെടെയുള്ളവരെ 14 വരെ കസ്റ്റഡിയിൽ നൽകിയത്. നേരത്തെ കസ്റ്റംസും എൻ ഐ എയും ചോദ്യം ചെയ്തപ്പോഴും തങ്ങളുടെ ഉന്നതതല ബന്ധത്തെക്കുറിച്ച് ഇവരോടും പ്രതികൾ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇത് കള്ളക്കടത്തിന് സഹായകരമാകുന്ന രീതിയിൽ ഉള്ളതാണോ എന്ന് വ്യക്തമായിട്ടില്ല. മുൻ ഐടി സെക്രട്ടറി ശിവശങ്കർ ഉൾപ്പെടെയുള്ളവരെ കസ്റ്റംസും എൻ ഐ എയും വീണ്ടും ചോദ്യം ചെയ്തതും ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു. ആ സാഹചര്യം തന്നെയാണ് ഇപ്പോൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ മുന്നിലുള്ളതും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന ഹവാല ബിനാമി ഇടപാടുകളെ കുറിച്ചാണ് എൻഫോഴ്സ്മെൻ്റ് അന്വേഷിക്കുന്നത്.