ബിഹാറില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 126 ആയി

ബിഹാറിലെ മുസഫർപൂരിൽ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 126 ആയി. മരിച്ചവരിലേറെയും ഒന്ന് മുതൽ പത്ത് വയസ് വരെ പ്രായമുള്ള കുട്ടികളാണ്. മരണസംഖ്യ ഉയരുമ്പോൾ ആശുപത്രികളിൽ ആവശ്യത്തിന് അത്യാഹിത വിഭാഗങ്ങളില്ലാത്തത് വലിയ തിരിച്ചടിയാവുകയാണ്. മരണസംഖ്യ 103 ആയതായാണ് ഔദ്യോഗിക കണക്കുകള്‍.

മുസഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ 85 ഉം കെജ്‌രിവാൾ  ആശുപത്രിയിൽ 18 കുട്ടികളുമാണ് മസ്തിഷ്‌കജ്വരം ബാധിച്ച് ഇതിനോടകം മരിച്ചത്. ഇന്നലെ മാത്രം ഇരുപത് കുട്ടികള്‍ മരിച്ചു. 300 കുട്ടികൾ ചികിത്സയിലുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. പനിയോടെയാണ് രോഗത്തിന്‍റെ തുടക്കം. പിന്നീട് കുട്ടികൾ അബോധാവസ്ഥയിലാകുന്നു. രോഗം മൂർച്ഛിക്കുന്ന കുട്ടികൾക്ക് അടിയന്തര ചികിത്സ നല്‍കാനുള്ള സംവിധാനങ്ങൾ ആശുപത്രികളിലില്ല. അതേസമയം വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിനിടെ ബിഹാർ ആരോഗ്യമന്ത്രി മംഗൾ പാണ്ഡേ ഇന്ത്യ പാക് ക്രിക്കറ്റ് മത്സരത്തെ കുറിച്ച് ചോദിക്കുന്നത് വിവാദമായി. എത്ര വിക്കറ്റ് വീണെന്ന മന്ത്രിയുടെ ചോദ്യമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.  കേന്ദ്ര ആരോഗ്യമന്ത്രാലയത്തോടും ബിഹാർ സർക്കാരിനോടും ഇതിനിടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. അസുഖബാധ കഴിഞ്ഞ ജനുവരിയിൽത്തന്നെ തുടങ്ങിയിട്ടും കൃത്യമായ നടപടികളോ മുന്നറിയിപ്പോ ആരോഗ്യവകുപ്പ് നൽകാതിരുന്നതാണ് സ്ഥിതി വഷളാക്കിയതെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

മഴക്കാലത്താണ് ഈ രോഗം സാധാരണ പടർന്നു പിടിക്കാൻ സാധ്യത. എന്നാല്‍ ഇത്തവണ വേനൽക്കാലത്താണ് ബിഹാറിൽ രോഗം പടർന്നിരിക്കുന്നത്. 1955-ൽ തമിഴ്‌നാട്ടിലാണ് രോഗം ആദ്യമായി കണ്ടെത്തുന്നത്. ഇതേ തരം വൈറസാണിപ്പോൾ ബിഹാറിലും പടർന്നുപിടിച്ചിരിക്കുന്നത്. പ്രധാനമായും അസം, ബിഹാർ, ജാർഖണ്ഡ്, കർണാടക, മണിപ്പൂർ, മേഘാലയ, ത്രിപുര, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഈ വൈറസ് ബാധ കാണപ്പെടുന്നത്.

biharEncephalitis
Comments (0)
Add Comment