തൊഴിലുറപ്പ് പദ്ധതിയും സിപിഎമ്മിന്‍റെ തള്ളലും

Jaihind Webdesk
Saturday, March 30, 2019

ഒന്നാം യു പി എ സർക്കാരിന്‍റെ കാലത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഇടതു പക്ഷത്തിന്‍റെ ശ്രമഫലമായിട്ട് നടപ്പാക്കിയ പദ്ധതിയാണെന്ന മട്ടിൽ തിരഞ്ഞെടുപ്പു കാലമായതോടെ ഇടത് നേതാക്കളും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

ഒന്നാം യു പി എ സർക്കാരിന്‍റെ കാലത്തെ കോമൺ മിനിമം പരിപാടിയുടെ ഭാഗമായി ഇടത് കക്ഷികളുടെ സമ്മർദ്ദ ഫലമായി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയെന്നാണ് സകലമാന ഇടത് നേതാക്കളും ചാനലുകളിലും മൈക്കിനു മുന്നിലും വന്ന് തള്ളി പ്പൊളിക്കുന്നത്. ആരാന്‍റെ കൊച്ചിന്‍റെ പിതൃത്വം ഏറ്റുപിടിക്കാനെന്തിനാ വെറുതെ ഈ തള്ളലുകൾ നടത്തുന്നത്.
യഥാർത്ഥത്തിൽ ഈ പദ്ധതിക്ക് രൂപം കൊടുക്കുന്നതിൽ ഇന്ത്യയിലെ ഇടത് കക്ഷികൾക്ക് പ്രത്യേകിച്ച് യാതൊരു റോളുമില്ല.

1983ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഭുമിയില്ലാത്ത ഗ്രാമീണർക്കായി ഒരു തൊഴിലുറപ്പ് പദ്ധതിക്ക് രൂപം നല്കിയിരുന്നു.

The Rural Landless Employment Guarantee Programme (RLEGP) എന്നായിരുന്നു പദ്ധതിയുടെ പേര്. ഈ പദ്ധതിക്ക് ഉദ്ദേശിച്ചത്ര ഫലമോ നേട്ടമോ ഉണ്ടാക്കിയില്ല. 1991 ൽ നരസിംഹറാവു മന്ത്രിസഭയുടെ കാലത്ത് ദേശീയ തൊഴിലുറപ്പ് നിയമത്തിന് രൂപം നൽകിയെങ്കിലും അതും ഫലവത്തായില്ല.

വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ 2004 ലെ തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യാ ഷൈനിംഗ് ക്യാമ്പയിനുമായി മുന്നേറുന്ന വേളയിലാണ് കോൺഗ്രസ് അവരുടെ തിരഞ്ഞെടുപ്പ് പത്രികയിൽ സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമായി വർഷത്തിൽ മിനിമം 100 ദിവസം തൊഴിൽ ഉറപ്പാക്കുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതി യെക്കുറിച്ച് വാഗ്ദാനം നടത്തിയത്.

A National Employment Guarentee Act will be enacted immediately . This will provide a legal guarentee for at least 100 days of employment on asset creating Public works programmes every Year at minimum wages for every rural house hold. എന്ന് വളരെ വ്യക്തമായി കോൺഗ്രസിന്റെ 2004 ലെ മാനിഫെസ്റ്റോയിൽ എഴുതി വെച്ചിട്ടുണ്ട്. ഈ വാഗ്ദാനമെങ്ങനെ ഇടതു പക്ഷത്തിന്റെ ക്രെഡിറ്റിൽ പ്പെടുത്തും. തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ളുന്നതാണ് ഇടത്ആ രോഗ്യത്തിന് ഉത്തമം.

2004 പൊതു തിരഞ്ഞെടുപ്പിന് ശേഷമാണ് യുപിഎയ്ക്ക് രൂപമുണ്ടായത്. അപ്പോഴാണ് ഇടത് കക്ഷികൾ ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മന്ത്രിസഭയ്ക്ക് പുറത്ത് നിന്ന് പിന്തുണ നൽകാമെന്ന് വാഗ്ദാനം ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലാണ് കോമൺ മിനിമം പ്രോഗ്രാമിന് രൂപം കൊടുത്തത്. കോമൺ മിനിമം പ്രോഗ്രാമിലെ ഒരു പ്രധാന ഇനമായി കോൺഗ്രസ് വാഗ്ദാനം ചെയ്ത തൊഴിലുറപ്പ് പദ്ധതിയും മാറി. ഈ സ്കീം എത്രയും പെട്ടെന്ന് നടപ്പാക്കാൻ ഇടത് കക്ഷികൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടാവാം. അതല്ലാതെ ഈ പദ്ധതി ഇടതു പക്ഷത്തെ കക്ഷികൾ- പ്രത്യേകിച്ച് സിപിഎം രൂപം കൊടുത്തതാണെന്ന അവകാശ വാദത്തിന് ഒരടിസ്ഥാനവുമില്ല. ഈ അവകാശ വാദം എട്ടുകാലി മമ്മൂഞ്ഞ് മോഡൽ വെറും ഞെളിയൽ മാത്രമാണ്. ഭുമിയുടെ ഭാരം തന്‍റെ ചന്തിപ്പറത്താണ് ഇരിക്കുന്നതെന്ന കുണ്ടി കുലുക്കൻ പക്ഷിയുടെ അവകാശ വാദം പോലെയാണ് ഇക്കാര്യത്തിലെ ഇടത് സമീപനം. പുരോഗമന പരമായ നിയമനിർമ്മാണങ്ങളുടെ കൂത്തക തങ്ങളുടെ അട്ടിപ്പേറവകാശമാണെന്ന മട്ടിലാണ് സി പി എമ്മിന്‍റെ പ്രചരണങ്ങളത്രയും.

ദേശീയ തൊഴിലുറപ്പ് പദ്ധതി ഇടത് പക്ഷത്തിന്റെ എന്തോ വലിയ കണ്ടുപിടുത്ത മാണെന്ന മട്ടിലാണ് പ്രചരണങ്ങൾ അരങ്ങേറുന്നത്. 2016 ജനുവരിയിൽ ദേശാഭിമാനിയിൽ വന്ന എഡിറ്റോറിയലിലെ ഒരു പ്രധാന വാചക മിങ്ങനെയാണ്.- “ഇടതുപക്ഷത്തിന്റെ കടുത്ത സമ്മര്‍ദത്തിന്റെ ഫലമായാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ തയ്യാറായതെന്ന വസ്തുത പലര്‍ക്കും അറിയില്ല.. യുപിഎ സര്‍ക്കാര്‍ ഇടതുപക്ഷത്തെ ആശ്രയിച്ച് ഭരണം നടത്തുന്ന കാലത്താണ് പദ്ധതി ആരംഭിച്ചത്. അതും മനസ്സില്ലാമനസ്സോടെയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ നല്‍കുമെന്നാണ് തീരുമാനം.” കോൺ ഗ്രസ് അവരുടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത ഒരു പദ്ധതി നടപ്പാക്കാൻ ഇടത് പക്ഷത്തിന്റെ എന്ത് സമ്മർദ്ദമാണെന്ന് മനസിലാവുന്നില്ല. ഇക്കഴിഞ്ഞ ദിവസം കൊടിയേരി ബാലകൃഷ്ണനും ഇതേ അവകാശ വാദമുന്നയിച്ചിരുന്നു. നെഹ്റുവും ഇന്ദിരയും നടപ്പാക്കിയ ശാസ്ത്ര നേട്ടങ്ങളുടെ പിതൃത്വ മേറ്റെടുത്ത് മോദി ചില തള്ളലുകൾ നടത്തുന്ന പോലെയാണ് ഇടത് പക്ഷം ദേശീയ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് അവകാശവാദ മുന്നയിക്കുന്നത്.

അഴിമുഖം ന്യൂസ് പോർട്ടലിൽ ദേശീയ തൊഴിലുറപ്പ് പദ്ധതി ഇടതുപക്ഷം മുന്നോട്ട് വെച്ച ആശയമാണെന്നൊക്കെ എഴുതി പിടിപ്പിച്ചിട്ടുണ്ട്.

2019ല്‍ മിനിമം വരുമാനത്തെക്കുറിച്ച് പറയുന്നവര്‍ 2004ലെ ഇടതുപക്ഷം മുന്നോട്ട് വച്ച പൊതുമിനിമം പരിപാടി മറക്കരുത് ” എന്ന തലക്കെട്ടോടെ വന്ന ലേഖനത്തിലും തൊഴിലുറപ്പ് പദ്ധതി ഇടത് പക്ഷത്തിന്‍റെ മഹത്തായ സംഭാവനയാണെന്ന് നിർലജ്ജം അവകാശപ്പെടുകയാണ്.

ഒന്നാം യു.പി.എ സർക്കാരിന്‍റെ കോമൺ മിനിമം പരിപാടിയിൽ ഇടതുപക്ഷം മുന്നോട്ടുവച്ച തൊഴിലുറപ്പ് പദ്ധതിയുടെ കൂടി സാധ്യത പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് ‘ന്യൂനതം ആയ് യോജന’ എന്ന കോൺഗ്രസ് വാഗ്ദാനമെന്നത് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ജനപ്രീതി വീണ്ടെടുക്കാൻ കോൺഗ്രസിന് ഇടതുപക്ഷം മുന്നോട്ടു വച്ച ഒരു ആശയത്തെ വികസിപ്പിക്കേണ്ടി വന്നു എന്നത് ഇടതുപക്ഷത്തിന്റെ പ്രസക്തി ചോദ്യം ചെയ്യുന്നവർ കാണാതെ പോകരുത്. ഇടതുപക്ഷം 2004ൽ ദീർഘവീക്ഷണത്തോടെ മുന്നോട്ടുവച്ച തൊഴിലുറപ്പ് പദ്ധതി കാലാനുസൃതമായി സാധാരണക്കാരന് ഗുണകരമായി നവീകരിച്ച് മുന്നോട്ടു കൊണ്ടുപോകാൻ പിന്നീട് അധികാരത്തിൽ വന്ന രണ്ടാം യു.പി.എ സർക്കാരിനും, മോദി സർക്കാരിനും എത്രമാത്രം സാധിച്ചു എന്നതും വിമർശനപരമായി ചർച്ച ചെയ്യണം.” ദേശീയ തൊഴിലുറപ്പ് പദ്ധതി ഇടത് പക്ഷം മുന്നോട്ട് വെച്ച ആശമെന്നൊക്കെയാണ് അഴിമുഖം തള്ളി മറിച്ചിരിക്കുന്നത്. ഇടത് പക്ഷം മുന്നോട്ട് വെച്ച ആശയമെന്നൊക്കെ പറയുന്നതിനും അവകാശപ്പെട്ടുന്നതിനും എന്തെങ്കിലുമൊരടി സ്ഥാനം വേണ്ടെ?

പ്രധാനമന്ത്രി ഡോ. മൻ മോഹൻ സിംഗിന്റെ 2004 ലെ ആദ്യ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽത്തന്നെ ഗ്രാമീണ ജനതയുടെ ഉന്നമനത്തിനായി കോൺഗ്രസിന്റെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതും യു പി എ യുടെ പൊതു മിനിമം പരിപാടിയിലുള്ളതുമായ ഏഴ് പ്രധാന പോളിസികളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരുന്നു. ഗ്രാമീണ ജനതയുടെ വികാസത്തിനും വളർച്ചയ്ക്കുമായി ഊന്നൽ നൽകുന്ന പദ്ധതികളുടെ രൂപരേഖ ചെങ്കോട്ടയിൽ നിന്നദ്ദേഹം വിശദീകരിച്ചിരുന്നു.
അതിലേറ്റവും പുരോഗമനപരമായ പ്രഖ്യാപനം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ക്കുറിച്ചായിരുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് അവരുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതും നടപ്പാക്കിയതുമായ ഒരു പദ്ധതി ഇടത് പക്ഷം മുന്നോട്ട് വെച്ച ആശയമാണെന്നൊക്കെ നെഞ്ചുവിരിച്ചു പറയുന്നത് ശുദ്ധ ഭോഷ്കാണ്, അതിലുപരി പിതൃശൂന്യമാണ്.

യഥാർത്ഥത്തിൽ ഇന്ത്യയിലാദ്യമായി 1977 ൽ മഹാരാഷ്ടയിലെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന വസന്തദാദ പാട്ടീലാണ് ഗ്രാമീണ തൊഴിൽ സുരക്ഷാ പദ്ധതിയായ മഹാരാഷ്ട്ര എംപ്ലോയിമെന്റ് ഗ്യാരന്റി സ്കീം എന്നൊരു പദ്ധതിക്ക് രൂപം കൊടുത്തത്. എന്നാൽ 1979 ൽ ശരത് പവാർ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ഫലവത്തായി ഈ പദ്ധതി നടപ്പിലാക്കിയത്. മഹാരാഷ്ട്രയിൽ നടപ്പിലാക്കിയ ഈ പദ്ധതിയെ കുറിച്ച് അക്കാലത്ത് പ്ലാനിംഗ് വൈസ് ചെയർമാനായിരുന്ന മൻമോഹൻ സിംഗ് വിശദമായി പഠിച്ചിരുന്നുവെന്ന് സിംഗിന്‍റെ പ്രസ് സെക്രട്ടറിയായിരുന്ന സഞ്ജയ് ബാരു തന്‍റെ ആക്സിഡന്‍റൽ പ്രൈം മിനിസ്റ്റർ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ പദ്ധതി മനസിൽ വെച്ചു കൊണ്ടാണ് 2004 ലെ കോൺ ഗ്രസ് മാനിഫെസ്റ്റോ കമ്മറ്റി അംഗങ്ങളായ മൻമോഹൻ സിംഗും ജയറാം രമേശും ചേർന്ന് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തത്. പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് ഈ പദ്ധതിയെക്കുറിച്ച് വ്യക്തമായ കാഴ്ച പ്പാടുണ്ടായിരുന്നു. അത് കൊണ്ടാണ് ഒരളവിലെങ്കിലും ആ സ്കീം ഫലപ്രദമായി നടപ്പാക്കാനായത്.

ചരിത്രവും സത്യവും വസ്തുതയും ഇതായിരിക്കെ ദേശീയ തൊഴിലുറപ്പ് പദ്ധതി ഇടതു പക്ഷത്തിന്റെ കണ്ടുപിടുത്തമാണെന്ന അവകാശവാദത്തിന് ഒരടിസ്ഥാനവുമില്ല. ദീർഘകാലം ഇടതു പക്ഷം ഭരിച്ച ബംഗാളിലോ ത്രിപുരയിലോ ശരത് പവാർ നടപ്പാക്കിയ പോലൊരു ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാനോ രൂപം കൊടുക്കാനോ കഴിയാഞ്ഞതിന്റെ ജാള്യത മറയ്ക്കാൻ കൂടിയാണ് കോൺഗ്രസ് രൂപം കൊടുത്ത പദ്ധതിയുടെ പിതൃത്വം കവരാൻ ഇടതുപക്ഷം വിശിഷ്യാ സിപിഎം ശ്രമിക്കുന്നത്. തൊഴിൽ രഹിതരായ ബംഗാളിലെ ഗ്രാമീണ ജനതയുടെ വികാസത്തിനോ പുരോഗതി ക്കോ ഉതകുന്ന ഫലപ്രദമായ യാതൊരു പദ്ധതിയും നടപ്പിലാക്കാൻ കഴിയാത്ത ഇടതുപക്ഷമാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി തങ്ങളുടെ ആശയ മാണെന്ന് ഉളുപ്പില്ലാതെ പറഞ്ഞു നടക്കുന്നത്.

നിലം പറ്റെ വീണുപോയ ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികൾക്ക് ഈ പൊതു തിരഞ്ഞെടുപ്പിൽ ഉയർത്തെഴുന്നേല്പിനോ തിരിച്ചു വരവിനോ ഒരു പ്രതീക്ഷയും ഇല്ലെന്നിരിക്കെയാണ് തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് നട്ടാൽ കുരുക്കാത്ത നുണകളുമായി വോട്ടറന്മാരെ സമീപിക്കുന്നത്.[yop_poll id=2]