നേപ്പാൾ വിമാന ദുരന്തം : അപകടകാരണം പൈലറ്റിന്‍റെ മാനസിക സമ്മർദം

Jaihind Webdesk
Tuesday, January 29, 2019

Nepal-FlighCrash

51 യാത്രക്കാരുടെ മരണത്തിന് ഇടയാക്കിയ നേപ്പാൾ വിമാനാപകടത്തിന്‍റെ കാരണം പൈലറ്റിന്‍റെ മാനസിക സമ്മർദമെന്ന് അന്വേഷണ റിപ്പോർട്ട്. ലാൻഡിങ്ങിനിടെ വിമാനത്തിന്‍റെ ദിശ തെറ്റിയത് മനസ്സിലാക്കി ഇടപെടാൻ മറ്റ് വിമാനജോലിക്കാർക്കും കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

26 വർഷത്തിനിടെ ഹിമാലയൻ രാജ്യമായ നേപ്പാൾ ദർശിച്ച ഏറ്റവും വലിയ ദുരന്തത്തിലെ അന്തിമ അന്വേഷണ റിപോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പൈലറ്റിന്‍റെ മാനസിക സമ്മർദത്തിനൊപ്പം പുകവലിയും ദുരന്തത്തിലേക്ക് നയിച്ചു. വിമാനം ലാന്‍റ് ചെയ്യുന്നതിനിടെ ദിശ തെറ്റിയിട്ടും അവസരോചിതമായി ഇടപെടാൻ മറ്റ് വിമാന ജോലിക്കാർക്കും കഴിഞ്ഞില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ബംഗ്ലാദേശിന്‍റെ തലസ്ഥാനമായ ധക്കയിൽ നിന്ന് നേപ്പാളിലേക്ക് പുറപ്പെട്ട യുഎസ് വിമാനം കാഠ്മണ്ഡുവിൽ ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങി തീപ്പിടിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 71 പേരിൽ 51 പേരും മരിച്ചു.

വിമാനം നിയന്ത്രിക്കാൻ കഴിയുമെന്ന പൈലറ്റിന്റെ അമിത ആത്മവിശ്വാസം അപകടം ക്ഷണിച്ചു വരുത്തിയതായും റിപോർട്ടിലുണ്ട്. വിമാനത്തിലെ ജീവനക്കാരിലെ ഒരു വനിത ഉദ്യോഗസ്ഥ അപകട ദിവസം അവധിയെടുത്തതിനെ ചൊല്ലി പൈലറ്റ് അസ്വസ്ഥനായിരുന്നു. വനിതാ ഉദ്യോഗസ്ഥയുടെ പിന്മാറ്റം തനിക്ക് അപമാനമായി എന്നും പൈലറ്റ് തെറ്റായി ധരിച്ചതായി റിപ്പോർട്ട് പറയുന്നു. ഇതിനെ തുടർന്ന് പൈലറ്റിനുണ്ടായ മാനസികസമ്മർദം വിമാനത്തിന്‍റെ നിയന്ത്രണത്തെ ബാധിച്ചു. വിമാനം ശരിയായ ദിശയിലായിരുന്നില്ല പറന്നിരുന്നതെന്നും ലാൻഡ് ചെയ്യുമ്പോൾ റൺവേയിൽ നിന്ന് തെന്നിമാറി ക്ഷണത്തിൽ തീപിടിക്കുകയായിരുന്നുവെന്ന അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിലെ രണ്ട് പൈലറ്റുമാരും അപകടത്തിൽ മരിച്ചു. 1993ൽ മാനസികപ്രശ്നങ്ങളുടെ പേരിൽ ഇതേ പൈലറ്റിനെ സർവീസിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. കോക്ക്പിറ്റിലെ വോയ്സ് റിക്കോർഡറിൽ നിന്ന് ലഭിച്ച വിവരങ്ങളും പൈലറ്റിന്റെ അസ്വസ്ഥത വെളിപ്പെടുത്തുന്നതാണ്. അപകടത്തിന് തൊട്ട് മുമ്പ് പുകവലിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 2018 മാർച്ച് 12നായിരുന്നു അപകടം.