ദുബായ് : കോവിഡ് ആശങ്കകള്‍ക്കിടെ, ദുബായ് കേന്ദ്രമായ എമിറേറ്റ്സ് വിമാനം , തിരഞ്ഞെടുക്കപ്പെട്ട കുറച്ചു സ്ഥലങ്ങളിലേക്ക് മാത്രമായി സര്‍വീസ് പുനരാരംഭിക്കുന്നു. ഇതനുസരിച്ച് ഏപ്രില്‍ ആറ് തിങ്കളാഴ്ച മുതല്‍ പരിമിതമായ എണ്ണത്തില്‍ യാത്രാ വിമാനങ്ങള്‍ പറന്നുയരും.
യുഎഇയില്‍ കുടങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്കായിരിക്കും ഇതുസംബന്ധിച്ച പ്രഥമ പരിഗണന നല്‍കുക. എമിറേറ്റ്സ് ചെയര്‍മാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം ആണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച അനുമതി തങ്ങള്‍ക്ക് ലഭിച്ചുവെന്നും അദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ദുബായ് എയര്‍പോര്‍ട്ട്സ് ചെയര്‍മാനും ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റുമാണ് ഷെയ്ഖ് അഹമ്മദ്. കോവിഡ് ആശങ്കകള്‍ മാറി, വൈകാതെ യാത്രാ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനാകുമെന്നും അധികൃതര്‍ പറഞ്ഞു. നിലവില്‍ എമിറേറ്റ്സിന്റെ കാര്‍ഗോ വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. അതേസമയം, ഏപ്രില്‍ ആറുമുതല്‍ ആരംഭിക്കുന്ന യാത്രാ വിമാന സര്‍വീസ് പട്ടികയില്‍ കേരളം ഉള്‍പ്പടെ, ഇന്ത്യയിലെ നഗരങ്ങളിലക്കും സര്‍വീസ് ഉണ്ടാകുമോ എന്ന ആകാംക്ഷയും സജീവമാണ്.