ബഫര്‍സോണില്‍ അടിയന്തരപ്രമേയത്തിന് അനുമതിയില്ല; സഭ വിട്ടിറങ്ങി പ്രതിപക്ഷം

Jaihind Webdesk
Thursday, June 30, 2022

തിരുവനന്തപുരം: ബഫർ സോൺ വിഷയം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് സഭയിൽ അനുമതി നിഷേധിച്ചു. സുപ്രീം കോടതിയുടെ ബഫർ സോൺ ഉത്തരവിൽ ജനങ്ങൾക്ക് ഉണ്ടായ ആശങ്ക പരിഹരിക്കാൻ സർക്കാർ പരാജയപ്പെട്ട ഗുരുതര സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

സണ്ണി ജോസഫ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ അടിയന്തര പ്രമേയത്തിന് നിയമസഭയിൽ അനുമതി നിഷേധിച്ചു. വിഷയത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അതേസമയം ബഫർ സോണിലെ സുപ്രീം കോടതി ഉത്തരവ് ജനജീവിതത്തെ ബാധിക്കുന്നതാണെന്നും 2019 ലെ സംസ്ഥാന മന്ത്രിസഭാ തീരുമാനമാണ് സുപ്രീം കോടതി ഉത്തരവ് ആയി ഇറക്കിയതെന്നും പ്രതിപക്ഷ നേതാവ് സഭയിൽ ചൂണ്ടിക്കാട്ടി. കാട് സംരക്ഷിക്കുന്ന നിലപാടാണ് പി.ടി തോമസിന്‍റെയും കോൺഗ്രസിന്‍റേയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് വാക്കൗട്ട് നടത്തി. ബഫർ സോണിൽ സംസ്ഥാന സർക്കാരിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് തുടർന്ന് മീഡിയ റൂമില്‍ നടത്തിയ വാർത്താസമ്മേളനത്തിലും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥതയാണ് സുപ്രീംകോടതി ഉത്തരവിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വിഷയത്തിൽ ഉരുണ്ടു കളിക്കുകയാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ സണ്ണി ജോസഫ് എംഎൽഎയും വ്യക്തമാക്കി.