കൊച്ചിയില്‍ നിന്ന് സെർബിയയിലേയ്ക്ക് 70 ലക്ഷം സർജിക്കൽ കയ്യുറകൾ

കൊച്ചിവിമാനത്താവളത്തിൽ നിന്ന് സെർബിയയിലേയ്ക്ക് 70 ലക്ഷം സർജിക്കൽ കയ്യുറകൾ കയറ്റി അയച്ചു.ലോക്ക് ഡൗണിന്‍റെ ഭാഗമായി വിമാനത്താവളം അടച്ചതിനാൽ അതീവ നിയന്ത്രിതമായ പ്രവർത്തനം മാത്രമാണ് നിലവിൽ കൊച്ചി വിമാനത്താവളത്തിലുള്ളത്.

കൊവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്നവണ്ണം സെർബിയൻ സർക്കാരിന്‍റെ ആരോഗ്യവിഭാഗത്തിന്‍റെ ഓർഡർ ലഭിച്ച കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് റബേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കയറ്റുമതി നടത്തിയത്.

സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിലേയ്ക്ക് ഡച്ച് വിമാനക്കമ്പനിയായ ട്രാൻസേവിയ എയർലൈൻസിന്‍റെ ബോയിങ് 747 കാർഗോ വിമാനം ആണ് കൊച്ചിയിൽ നിന്ന് സർജിക്കൽ കയ്യുറകൾ കൊണ്ടുപോയത്. ഏഴായിരത്തിലധികം പെട്ടികളിലായി മൊത്തം 90,385 കി.ഗ്രാം ഭാരമുള്ള കാർഗോ കഴിഞ്ഞ ദിവസം ബെൽഗ്രേഡിൽ എത്തി. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സിയാൽ കാർഗോ വിഭാഗവും കസ്റ്റംസും വളരെ വേഗത്തിൽ നടത്തിയ ഏകോപിത പ്രവർത്തനത്തിലൂടെ നിശ്ചിത സമയത്തുതന്നെ കയറ്റുമതി നടപടികൾ പൂർത്തിയാക്കാനായി. ഏഴായിരത്തിലധികം പെട്ടികളിലായി മൊത്തം 90,385 കി.ഗ്രാം ഭാരമുള്ള കാർഗോ കഴിഞ്ഞ ദിവസം ബെൽഗ്രേഡിൽ എത്തി. ചൊവ്വാഴ്ച വീണ്ടും ട്രാൻസേവിയൻ എയർലൈൻസ് വിമാനം സമാന കാർഗോ കയറ്റുമതിയ്ക്കായി കൊച്ചിയിൽ എത്തുന്നുണ്ട്. ബൊല്ലോർ ലോജിസ്റ്റിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് കാർഗോ ഏജൻസി.

ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ അനുമതി ലഭിക്കുന്ന കാർഗോ സർവീസുകൾ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കാൻ സിയാൽ സൗകര്യമൊരുക്കുന്നുണ്ട്. നേരത്തെ ലുലു ഗ്രൂപ്പിനായി സ്‌പൈസ് ജെറ്റിന്‍റെ രണ്ട് കാർഗോ സർവീസുകൾ അബുദാബിയിലേയ്ക്ക് പച്ചക്കറി കയറ്റുമതി നടത്തിയിരുന്നു. 34 ടൺ പച്ചക്കറികളാണ് അബുദാബിയിലേയ്ക്ക് കയറ്റുമതി ചെയ്തത്. സംസ്ഥാനത്തിനാവശ്യമായ മരുന്നുകൾ എത്തിയ്ക്കാൻ എയർ ഏഷ്യ സർവീസുകൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഈയാഴ്ച ആദ്യവിമാനം കൊച്ചി വിമാനത്താവളത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

serbiaSurgical GlovesCochin International Airport
Comments (0)
Add Comment