ആഴക്കടല്‍ മത്സ്യബന്ധന കരാർ : യുഡിഎഫിന്‍റെ തെക്കന്‍ മേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം

 

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണവും ഫിഷറീസ് മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് നടത്തുന്ന യുഡിഎഫിന്‍റെ തെക്കന്‍ മേഖലാ ജാഥ ഇന്നു തുടങ്ങും. മുൻ മന്ത്രി ഷിബു ബേബി ജോൺ യാത്ര നയിക്കും. നെയ്യാറ്റിൻകര പൊഴിയൂരിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ യാത്ര 3 മണിക്ക് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളാണ് തെക്കന്‍ മേഖലാ ജാഥയിലുള്ളത്.

യു.ഡി.എഫിന്‍റെ വടക്കൻ മേഖലാ തീരദേശ ജാഥയ്ക്ക് ഇന്നലെ കാസർഗോഡ് തുടക്കമായിരുന്നു. ടി.എൻ പ്രതാപൻ എം.പി. നയിക്കുന്ന ജാഥ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ.വി തോമസ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കോടിക്കണക്കിന് രൂപ കമ്മീഷൻ വാങ്ങിച്ചിട്ടാണ് ആഴക്കടൽ മത്സ്യബന്ധന കരാറിൽ എൽഡിഎഫ് സർക്കാർ ഒപ്പുവെച്ചതെന്ന് ടി.എൻ പ്രതാപൻ എം.പി ആരോപിച്ചു.

മാർച്ച് ആറിന് വൈകിട്ട് 4 ന് എറണാകുളം ജില്ലയിലെ വൈപ്പിൻ നിയോജകമണ്ഡലത്തിലാണ് രണ്ട് ജാഥകളുടെയും സമാപനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Comments (0)
Add Comment