പൂരത്തിന് ആനകളെ നല്‍കില്ലെന്ന് ആന ഉടമകള്‍; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്കില്‍ പ്രതിഷേധം

തൃശൂർ പൂരത്തിന് ആനകളെ നൽകില്ലെന്ന് അറിയിച്ച് ഉടമകൾ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിൽ പ്രതിഷേധിച്ചാണ് നടപടി. ക്ഷേത്രോത്സവങ്ങൾ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ശനിയാഴ്ച മുതല്‍ ഒരു പൊതുപരിപാടിക്കും ആനകളെ നൽകില്ലെന്നും ഉടമകൾ അറിയിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്കിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ഇവര്‍ ആരോപിച്ചു.

ആന ഉടമകളുടെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പ്രതികരിച്ചു. പ്രശ്നപരിഹാരത്തിന് മാര്‍ഗങ്ങള്‍ തേടുമെന്നും മന്ത്രി അറിയിച്ചു. ചര്‍ച്ചകള്‍ക്ക് തയാറാണെന്നും മന്ത്രി അറിയിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കാന്‍‌ അനുവാദം തേടിയുള്ള ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. അതേസമയം പൂരത്തിന് ആനകളെ വിട്ടുനൽകാൻ തയാറെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു. ആരോഗ്യമുള്ള എല്ലാ ആനകളെയും വിട്ടു നൽകും.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പ്രായാധിക്യം ചെന്ന ആനയാണെന്നും അക്രമണോത്സുകത പ്രകടിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ഇതിനെ എഴുന്നള്ളിക്കാന്‍ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടി വനം മന്ത്രി കെ രാജു ഫേസ്ബുക്കില്‍ സന്ദേശം പങ്കുവെച്ചിരുന്നു. ഒരു കണ്ണിന് പൂര്‍ണമായും കാഴ്ചശക്തി ഇല്ലാത്ത ഈ ആനയെ പീഡിപ്പിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

വനം മന്ത്രി കെ രാജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

“തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ‍ എന്ന ആനയ്ക്ക് രേഖകൾ പ്രകാരം 54 വയസ്സ് കഴിഞ്ഞതായി കാണുന്നുണ്ടെങ്കിലും അതിന് അതിലേറെ പ്രായമുള്ളതായി പരിശോധനയിൽ മനസ്സിലായിട്ടുണ്ട്. അത് ദഹന സംബന്ധമായ പ്രശ്‌നങ്ങൾ‍ ഉള്ളതും പ്രായം ചെന്നതു കാരണം സാധാരണ നിലയിലുള്ള കാഴ്ച ശക്തി ഇല്ലാത്തതുമാണ്. വലതുകണ്ണിന് തീരെ കാഴ്ചയില്ലാത്തതിനാൽ ഒറ്റ കണ്ണ് കൊണ്ട് പരിസരം കാണേണ്ട അവസ്ഥയിലുള്ള ഈ ആനയെ അമിതമായി ജോലിഭാരം ഏല്‍പ്പിച്ചു കൊണ്ട് ഉടമസ്ഥർ‍ കഠിനമായി പീഢിപ്പിക്കുകയായിരുന്നു. അതിന്റെ കാഴ്ചശക്തി കുറവ് കാരണം എല്ലാ വശങ്ങളിലുമായി 4 പാപ്പാന്‍മാരുടെ സഹായത്തിലാണ് അതിനെ ഉത്സവങ്ങളിൽ എഴുന്നെള്ളിക്കാറുണ്ടായിരുന്നത്. ഇതൊക്കെയായിട്ടും അത് പല തവണ അക്രമാസക്തമായിട്ടുണ്ട്. 2009 മുതലുള്ള കണക്കുകൾ‍‍ മാത്രം പരിശോധിച്ചാൽ ‍ അത് 7 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. അത് കൂടാതെ തിരുവമ്പാടി ചന്ദ്രശേഖരൻ‍, കൂനത്തൂർ‍ കേശവൻ‍‍ എന്നീ നാട്ടാനകളെ കുത്തി കൊലപ്പെടുത്തി യിട്ടുമുണ്ട്. ഏറ്റവുമൊടുവിലായി 08-02-19 ൽ‍ രണ്ട് ആളുകളെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഈ ആനയെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം ഏർ‍പ്പെടുത്തിയത്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആനയുടമകൾ‍ നല്‍കേണ്ട നഷ്ടപരിഹാരമോ ഇന്‍ഷൂറന്‍സ് തുകയോ പോലും പല കേസുകളിലും ഇനിയും നല്‍കിയിട്ടില്ലെന്നതാണ് വസ്തുത.
ഇത്രയും അക്രമ സ്വഭാവമുള്ള ആനയെ തലയെടുപ്പിന്റെ മികവു കൊണ്ട് മാത്രം തൃശ്ശൂർ‍ പൂരം പോലുള്ള ഒരു ഉത്സവത്തിന് എഴുന്നെള്ളിച്ചാൽ‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് വളരെ വലുതായിരിക്കും. അമ്പലപരിസരം മുഴുവൻ‍ തിങ്ങി നിറഞ്ഞിരിക്കുന്ന ആളുകളിൽ‍ എഴുന്നെള്ളിച്ചു നിൽ‍ക്കുന്ന ഈ ആനയുടെ ഒരു ചെറിയ പിണക്കമോ പ്രതികരണമോ പോലും വലിയ ദുരന്തമായി മാറാൻ‍ സാദ്ധ്യതയുണ്ട്. അപകടകാരികളായ ഇത്തരം ആനകളെ ജനങ്ങളുടെ ഇടയിലേക്ക് എഴുന്നെള്ളിച്ചു കൊണ്ടു വരുന്നത് സൃഷ്ടിക്കാവുന്ന ദുരന്തം പറഞ്ഞറിയിക്കാൻ‍‍ കഴിയാത്തതാണ്.
ഈ ആനയെ സംബന്ധിച്ച് വിദഗ്ധരായ ആളുകൾ‍ ഉൾപ്പെട്ട ഒരു സമിതി പരിശോധിച്ച് ചീഫ് വൈൽ‍ഡ്‌ലൈഫ് വാർ‍ഡന് റിപ്പോർ‍ട്ട് സമർ‍പ്പിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ‍ ഇതിനെ എഴുന്നെള്ളിക്കുന്നത് അഭികാമ്യമല്ല എന്ന് ചീഫ് വൈൽ‍ഡ്‌ലൈഫ് വാർ‍ഡൻ‍‍ റിപ്പോർ‍ട്ട് ചെയ്തിട്ടുള്ളതുമാണ്.
ഈ ആനയെ എഴുന്നെള്ളിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള അധികാരം ജില്ലാ കളക്ടർ‍ക്കാണ്.
ഇക്കാര്യത്തിൽ‍ കേവലം ആവേശ പ്രകടനങ്ങൾക്കല്ല ജന നന്മ ലക്ഷ്യമാക്കി, ജനങ്ങൾ‍ക്ക് അപകടമുണ്ടാവാതിരിക്കാനുള്ള മുൻ‍കരുതലുകൾക്കാണ് സർ‍ക്കാർ‍ പ്രാധാന്യം കൊടുക്കുന്നത്. ഉത്സവങ്ങളും പൂരങ്ങളുമെല്ലാം മുൻ‍‍വർ‍ഷങ്ങളിലെപ്പോലെ തന്നെ യാതൊരു തടസ്സവും കൂടാതെ നടത്തുന്നതിനുള്ള തീരുമാനമാണ് സർ‍ക്കാർ‍ സ്വീകരിച്ചു നടപ്പാക്കുന്നത്.
ഈ വിഷയം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വലിയതോതിലുള്ള വ്യാജ പ്രചരണങ്ങൾ നടക്കുന്നുണ്ട്. എത്ര അപകടകാരിയായ ആനയായാലും അതിനെ എഴുന്നെള്ളിച്ച് കോടികൾ‍ സമ്പാദിക്കണമെന്ന് ആഗ്രഹമുള്ള, ജനങ്ങളുടെ ജീവന് അൽ‍പ്പവും വില കൽ‍പ്പിക്കാത്ത നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് ഇത്തരം പ്രചരണങ്ങൾ‍ക്ക് പിന്നിൽ‍. ഇത് മനസ്സിലാക്കി ജനങ്ങൾ ഇത്തരം വ്യാജപ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്ന് അഭ്യർ‍ത്ഥിക്കുന്നു.”

elephant owners associationThechikkottukavu Ramachandranthrissur pooram
Comments (0)
Add Comment