കാന്തല്ലൂരിൽ കാട്ടാന ശല്യം രൂക്ഷം; മറ്റു ഉപജീവനമാർഗ്ഗം തേടി കർഷകർ

ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരിൽ കാട്ടാന ശല്യം രൂക്ഷമായതിനാൽ മറ്റു ഉപജീവനമാർഗ്ഗം തേടാനൊരുങ്ങി കർഷകർ. സ്ഥിരമായെത്തി വ്യാപകമായി കൃഷി വിളകൾ നശിപ്പിക്കുന്ന മുപ്പതോളം വരുന്ന കാട്ടന കൂട്ടമാണ് കർഷകരുടെ ഉപജീവനം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് കീഴാന്തൂർ, കാന്തല്ലൂർ, ആടിവയൽ, പുത്തൂർ, പെരുമല ഗ്രാമത്തിലുള്ളവർ. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കർഷകർ കടവും മറ്റും വാങ്ങിയിറക്കുന്ന കൃഷിവിളകളെ കൂട്ടമായെത്തുന്ന കാട്ടാനകൂട്ടം ഏതാനും മിനിറ്റുകൾ കൊണ്ടാണ് തരിപ്പണമാക്കുന്നത്. ഒപ്പം ഇല്ലാതാകുന്നത് കർഷകൻ കുടുംബം പോറ്റാനായി പ്രതീക്ഷയോടെ ചെയ്യുന്ന മാസങ്ങൾ നീളുന്ന അധ്വാനത്തിന്‍റെ ഫലവും.  ഈ സാഹചര്യം തുടരുന്നതിനാലാണ് കർഷകർ കൃഷി ഉപേക്ഷിച്ച് തിരുപ്പൂരിലെ തുണിക്കമ്പനിയിലേക്കും മറ്റും ജോലി തേടി പോകേണ്ട അവസ്ഥയുണ്ടായിരിക്കുന്നത്

പുത്തൂർ, പെരുമല ഗ്രാമങ്ങളിലെ വാഴയും മറ്റു വിളകളും പൂർണമായും തീർത്ത ശേഷം നിലവിൽ കീഴാന്തൂർ, കാന്തല്ലൂർ ആടിവയൽ ഗ്രാമങ്ങളിൽ കടന്ന് കൂടിയിരിക്കുകയാണ് കാട്ടാന കൂട്ടം. ഒറ്റ രാത്രികൊണ്ടാണ് കൂട്ടമായെത്തുന്ന മുപ്പതോളം വരുന്ന കാട്ടാനകൂട്ടം ഇവിടെ കൃഷി ചെയ്തിരിക്കുന്ന ഏക്കർ കണക്കിനുള്ള കാബേജ്, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ് തുടങ്ങിയ വിളകളെ തിന്നും ചവുട്ടിയരച്ചും നശിപ്പിക്കുന്നത്. വർഷങ്ങളായി ഈ സ്ഥിതി തുടരുന്ന സാഹചര്യത്തിൽ ഒട്ടേറെ കർഷകരാണ് കൃഷിയിടം തരിശായി ഉപേക്ഷിച്ച് ഉപജീവനത്തിനായി മറ്റു തൊഴിൽ തേടി പോയിരിക്കുന്നത്. ഇനിയും തുടർന്നാൽ അവശേഷിക്കുന്ന തങ്ങളും മറ്റു തൊഴിൽ തേടേണ്ടി വരുമെന്ന് പ്രദേശത്തെ കർഷകർ പറയുന്നു.

Elephant attackKanthalloor
Comments (0)
Add Comment