തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതിനിരക്ക് വര്‍ധിക്കും. ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. വിഭവസമാഹരണത്തിനായാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന് കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയില്‍ നിന്ന് യൂണിറ്റിന് 15 പൈസയാക്കി വര്‍ധിപ്പിച്ചു. ഇതുവഴി 24 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈസന്‍സികള്‍ വില്‍ക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും ഇതുവരെ ഈടാക്കിയിരുന്ന തീരുവ ആറ് പൈസയാണ്. ഇത് 10 പൈസയാക്കി വര്‍ധിപ്പിച്ചു. ഇതുവഴി 101.41 കോടി രൂപ അധികമായി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.