ഇ ബസുകൾക്ക് കിലോമീറ്ററിനു ശരാശരി 8.21 രൂപ ലാഭം; കെ.ബി.ഗണേഷ്കുമാറിന്റെ വാദം തള്ളി കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ട്

ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ വാദത്തിന് തിരിച്ചടിയായി കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ട്. ഇ ബസുകൾക്ക് കിലോമീറ്ററിനു ശരാശരി 8.21 രൂപ ലാഭമുണ്ടെന്നാണ് കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ട് തന്നെ വ്യക്തമാക്കുന്നത്. ഇതിനെ ആധാരമാക്കി തന്നെയാവും കെഎസ്ആർടിസി സിഎംഡി മന്ത്രിക്ക് റിപ്പോർട്ട് നൽകുക. ഇതോടെ വിവാദത്തിൽ ഗണേഷ് കുമാർ കൂടുതൽ ഒറ്റപ്പെടും.

ഇലക്ട്രിക് ബസുകൾക്കെതിരെ വാളെടുത്ത ഗതാഗത മന്ത്രി ഗണേഷ് കുമാറിന് കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ട് തന്നെ കനത്ത തിരിച്ചടിയാവുകയാണ്. ഇ ബസുകൾക്ക് കിലോമീറ്ററിനു ശരാശരി 8.21 രൂപ ലാഭമുണ്ടെന്നാണ് കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നത്. ജൂലൈയിൽ ഇത് 13.46 രൂപ യായി ഉയർന്നിരുന്നുതായും റിപ്പോർട്ടിലുണ്ട്. 2023 ഏപ്രിൽ മുതൽ ഡിസംബർ വരെ 2.88 കോടി രൂപ ലാഭം കിട്ടിയിരുന്നതായും കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.ഈ കണക്കുകൾ നിരത്തിയുള്ള റിപ്പോർട്ടാകും കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ മന്ത്രിയ്ക്കു നൽകുക. ഇതോടെ ഇലക്ട്രിക് ബസ് വിവാദത്തിൽ തുടക്കത്തിലെ ഷോക്കേറ്റ മന്ത്രിക്ക് ഇത് കനത്ത തിരിച്ചടിയാകും.

ഇനി ഇ ബസുകൾ വാങ്ങില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം കാര്യങ്ങൾ പഠിക്കാതെയായിരുന്നുവെന്നു തന്നെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സിറ്റി സർക്കുലർ സർവീസിന് ഇനി ഡീസൽ ബസുകളേ വാങ്ങൂ എന്ന തീരുമാനം മന്ത്രിയ്ക്കു തിരുത്തേണ്ടിവരും. അല്ലെങ്കിൽ പദ്ധതികൾ പലതും അവതാളത്തിലാകും. ഇ ബസ്സിൽ സിപിഎം തള്ളിപ്പറഞ്ഞശേഷം ഗണേഷ് കുമാർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഈ ബസ് വിവാദത്തിൽ ഗണേഷ് കുമാർ ഇടതുമുന്നണിയിൽ ഏറെ ഒറ്റപ്പെട്ടിരിക്കുകയാണ്.

Comments (0)
Add Comment